'കൈ' പിടിച്ച് കര്‍ണാടക; ബി.ജെ.പി മുക്തം ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യയില്‍ ഇതോടെ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും ഭരണമില്ലാതാവും

Update: 2023-05-13 07:48 GMT
karnataka assembly election result
AddThis Website Tools
Advertising

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് 132 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 65 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ദക്ഷിണേന്ത്യയില്‍ ഇതോടെ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും ഭരണമില്ലാതാവും. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തില്‍ ഇല്ല. ആകെയുണ്ടായിരുന്ന കര്‍ണാടകയും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ടു.

224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം നേടാന്‍ 113 സീറ്റിലെ വിജയമായിരുന്നു ആവശ്യം. ലീഡ് നില മാറിമറിഞ്ഞ ആദ്യ രണ്ടു മണിക്കൂറിനു ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസിനൊപ്പമാണെന്ന് വ്യക്തമായത്. ഇതോടെ കന്നഡ മണ്ണില്‍ കോണ്‍ഗ്രസിന് ഐതിഹാസിക തിരിച്ചുവരവ്.

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ഓപറേഷന്‍ കമലയ്ക്കുള്ള സാധ്യത അസ്ഥാനത്താക്കും വിധം ബി.ജെ.പി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മധ്യകര്‍ണാടക ഉള്‍പ്പെടെ അര്‍ബന്‍ റൂറല്‍ മേഖലകളിലെല്ലാം കോണ്‍ഗ്രസ് മേധാവിത്തം പുലര്‍ത്തിയപ്പോള്‍ തീരദേശ കര്‍ണാടക ബി.ജെ.പിക്കൊപ്പം നിന്നു. ബി.ജെ.പിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ഡി.കെ ശിവകുമാർ, സിദ്ധരാമയ്യ, ലക്ഷ്മൺ സവദി, യു.ടി ഖാദർ, കെ.ജെ ജോർജ്, രാമലിംഗ റെഡ്ഡി തുടങ്ങി കോൺഗ്രസിലെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. മന്ത്രിമാരായ എം.ടി.ബി നാഗരാജ്, ബി.സി പാട്ടീൽ, രമേഷ് ജാർക്കിഹോളി, ശശികല ജോലെ, കെ സുധാകർ, വി സോമണ്ണ, ബി. ശ്രീരാമുലു എന്നിവര്‍ പിന്നിലാണ്.

ജയമുറപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. സഖ്യങ്ങളില്ലാതെ സ്വന്തം നിലയ്ക്ക് നേടിയ വന്‍വിജയം ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News