മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എം ഇബ്രാഹിം പാര്‍ട്ടി വിട്ടു; ഇനി ജെ.ഡി-എസിലേക്ക്
കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ശക്തനായ നേതാവാണ് രാജിവെക്കുന്ന സി.എം ഇബ്രാഹിം
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാർട്ടിയിൽനിന്നു രാജിവെച്ചതിനൊപ്പം നിയമ നിർമാണ കൗൺസിൽ അംഗത്വവും (എം.എൽ.സി) അദ്ദേഹം ഉപേക്ഷിച്ചു.
മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കളിലൊരാളുമാണ് സി.എം. ഇബ്രാഹിം. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുകയാണെന്ന വിവരം കാട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം കത്തയച്ചു. ജെ.ഡി-എസിൽ ചേരുന്ന കാര്യം വൈകാതെ പ്രഖ്യാപിക്കുമെന്നും സി.എം ഇബ്രാഹിം വ്യക്തമാക്കി.
ദീര്‍ഘ നാളുകളായി ഇബ്രാഹിം പാര്‍ട്ടി വിടുമെന്ന പ്രചാരണങ്ങളെത്തുടര്‍ന്ന് കോൺഗ്രസ് നേതാക്കൾ പലതവണ ചർച്ച നടത്തിരുന്നു. എങ്കിലും അതൃപ്തി പരസ്യമാക്കിയാണ് കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ശക്തനായ നേതാവ് രാജിവെക്കുന്നത്. സിദ്ധരാമയ്യയുമായുള്ള ഉരസലും ഇബ്രാഹിമിന്‍റെ രാജിക്ക് കാരണമായി.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്നു സി.എം. ഇബ്രാഹിം. ജെ2004 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹ ജെ.ഡി.എസ് വിടുന്നത്. ജെ.ഡി-സിൽനിന്ന് പുറത്തായ സിദ്ധരാമയ്യ 2006ലും ഇബ്രാഹിം 2008ലും കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. കർണാടകയിൽ സിദ്ധരാമയ്യക്കൊപ്പം ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ ചേർത്തുള്ള മുന്നേറ്റത്തിന്‍റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ജെ.ഡി-എസിന്‍റെ ഭാഗമായിരിക്കെ 1999ൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. 1990 കളിലെ എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ സർക്കാരുകളിൽ സിവിൽ ഏവിയേഷൻ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ഇബ്രാഹിം.