പ്രജ്വൽ രേവണ്ണയുടെ പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തിന് കത്തയച്ച് കർണാടക
കഴിഞ്ഞ മാസം 26നാണ് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്.

പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗിക അതിക്രമ കേസ് പ്രതി ജെ.ഡി.എസ് ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോർട്ട് റദ്ദാക്കിയാൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പ്രജ്വൽ നിർബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം 26 ന് ജർമ്മനിയിലേക്ക് കടന്നതായിരുന്നു പ്രജ്വൽ. ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മടങ്ങി വരുമെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും പ്രജ്വൽ തിരിച്ചെത്തിയില്ല. മ്യൂണിക്കിൽ നിന്നും പുലർച്ചെ എത്തുന്ന വിമാനത്തിലാണ് പ്രജ്വൽ ബെഗളൂരുവിൽ എത്തുക എന്നായിരുന്നു വിവരം. ലൈംഗീകപീഡന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു.
മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. ഇവരുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന 47കാരിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേർന്ന് ബലാത്സംഗം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്. വീട്ടുജോലിക്കാരികളും സർക്കാർ ജീവനക്കാരികളും ഉൾപ്പെടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്.
വീട്ടുജോലിക്കു ചേർന്ന് നാലാം മാസം തന്നെ രേവണ്ണ നിരന്തരം ഫോണിൽ വിളിച്ചു റൂമിൽ വരാൻ നിർബന്ധിക്കുമായിരുന്നുവെന്നും അവിടെ വച്ച് പീഡിപ്പിക്കുമായിരുന്നെന്നും പരാതിക്കാരി പറയുന്നു. രേവണ്ണയുടെ സ്ഥിതി ഇതാണെങ്കിൽ നൂറുകണക്കിനു സ്ത്രീകള ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ പരാതി.
ഇയാൾ നിരവധി സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായിരുന്നു. സ്ത്രീകളുടെ എതിർപ്പ് വകവയ്ക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും എല്ലാം വീഡിയോയിൽ പകർത്തുകയുമാണ് പ്രജ്വലിന്റെ പരിപാടിയെന്നാണ് പരാതികളിൽ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് പ്രജ്വൽ രണ്ടാം തവണയും ജനവിധി തേടുന്ന ഹാസനിൽ ഉൾപ്പെടെ വീഡിയോകൾ പുറത്തായത്.
ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്‌തതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.