അഴിമതി ആരോപിച്ച് കരാറുകാരന്‍റെ ആത്മഹത്യ: കർണാടക മന്ത്രി ഈശ്വരപ്പ രാജിവെച്ചു

രാജിക്കത്ത് നാളെ മുഖ്യന്ത്രിക്ക് കൈമാറും

Update: 2022-04-14 15:26 GMT
Editor : Dibin Gopan | By : Web Desk
Advertising

ബംഗളൂരു: കർണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ രാജിവെച്ചു. രാജിക്കത്ത് നാളെ മുഖ്യന്ത്രിക്ക് കൈമാറും. അഴിമതി ആരോപിച്ച് കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.എസ് ഈശ്വരപ്പക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഹിന്ദു വാഹിനി ദേശീയ നേതാവ് കൂടിയായ കരാറുകാരൻ സന്തോഷ് കെ. പാട്ടീലിന്റെ(40) കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റമാണ് ഈശ്വരപ്പയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രിയുടെ സഹായികളായ ബസവരാജ്, രമേശ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. റോഡ് നിർമാണത്തിന്റെ കരാറിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണമുള്ളത്.

ഹിന്ദു വാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് പാട്ടീലിനെ കഴിഞ്ഞ ദിവസമാണ് ഉഡുപ്പിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി മന്ത്രിയാണെന്ന് മാധ്യമപ്രവർത്തകർക്ക് വാട്സ്ആപ്പ് സന്ദേശം നൽകിയ ശേഷമായിരുന്നു ആത്മഹത്യ. ബെലാഗവിയിലെ ഹിഗാൽഡോയിൽ റോഡ് നിർമാണത്തിന്റെ കരാർ നൽകിയതിന് ഈശ്വരപ്പ നാല് കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടെന്നാണ് ഇയാൽ ആത്മഹത്യ സന്ദേശത്തിൽ ആരോപിച്ചത്. കമ്മീഷൻ തുക ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി മന്ത്രിയായിരിക്കുമെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

ആത്മഹത്യയ്ക്കു പിന്നാലെ ഈശ്വരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. മന്ത്രിക്കും കൂട്ടാളികൾക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്കും അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണമെന്ന് കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു.

എന്നാൽ, കോൺഗ്രസ് ആവശ്യം ബി.ജെ.പി തള്ളി. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും നേതാക്കൾ പ്രതികരിച്ചു. അടുത്തിടെ ശിവമോഗയിൽ ബജ്രങ്ദൾ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അടക്കം നിരവധി തവണ വിവാദ പരാമർശങ്ങളുമായി അടുത്തിടെ വാർത്തകളിൽ നിറഞ്ഞയാളാണ് ഈശ്വരപ്പ. പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News