കെ.സി വേണുഗോപാല്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; 'സാധാരണ കൂടിക്കാഴ്ച; മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല'
മത്സരിക്കണോ വേണ്ടയോ എന്ന രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ സ്വാതന്ത്ര്യമാണെന്നും അതവരാണ് തീരുമാനിക്കേണ്ടതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ചര്‍ച്ചയ്ക്കു ശേഷം കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 ദിവസമായി താന്‍ കേരളത്തിലായിരുന്നു. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാണ് വന്നത്. അതുസംബന്ധിച്ച ചര്‍ച്ചകകള്‍ മാത്രമേ നടന്നിട്ടുള്ളൂ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റന്നാള്‍ വിജ്ഞാപനം വരും. 24 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 28വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അതിനു ശേഷം തെരഞ്ഞെടുപ്പ് നടക്കും. ഇതൊക്കെ നേരത്തെ തീരുമാനിച്ചതാണ്- വേണുഗോപാല്‍ പ്രതികരിച്ചു.
മത്സരിക്കുന്ന നേതാക്കളെ കുറിച്ച് ചോദിച്ചപ്പോള്‍, ആര്‍ക്കു വേണമെങ്കിലും മത്സരിക്കാമെന്നതാണ് പാര്‍ട്ടിയുടേയും നേതൃത്വത്തിന്റേയും നിലപാടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഗാന്ധി കുടുംബത്തിലെ ആരും മത്സരിക്കില്ലെന്ന് ഉറപ്പാണോ എന്ന ചോദ്യത്തിന്, അത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അറിയാമെന്നും ആ സന്ദര്‍ഭത്തില്‍ മാത്രമേ കൂടുതലായി എന്തെങ്കിലും പറയാനാകൂ എന്നും വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സിയുള്‍പ്പെടെ ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, മത്സരിക്കണോ വേണ്ടയോ എന്ന രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ സ്വാതന്ത്ര്യമാണെന്നും അതവരാണ് തീരുമാനിക്കേണ്ടതെന്നും കെ.സി വേണുഗോപാല്‍ മറുപടി നല്‍കി. ഇതേക്കുറിച്ച് രാഹുല്‍ഗാന്ധി തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, 23ന് വ്യാഴം രാത്രി രാഹുല്‍ ഗാന്ധി ഡഡല്‍ഹിയില്‍ മടങ്ങിയെത്തും. അതിനു മുന്നോടിയായി മുതിര്‍ന്ന നേതാക്കളുമായി ഒരുപക്ഷേ കെ.സി വേണുഗോപാല്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതിനു ശേഷം വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക ചര്‍ച്ചയുണ്ടാവും. ഇതോടെ അദ്ദേഹം മത്സരിക്കുമോ എന്ന കാര്യം അറിയാനാവും. രാഹുല്‍ ഗാന്ധി മത്സര രംഗത്തുണ്ടെങ്കില്‍ ശശി തരൂര്‍ മത്സരിച്ചേക്കില്ല എന്നാണ് സൂചന.
ഇതുവരെ നെഹ്റു കുടുംബ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് കണക്കാക്കപ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായത്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിയാല്‍ സച്ചിന്‍ പൈലറ്റിന് സ്ഥാനം നല്‍കരുതെന്നാണ് ഗെഹ്ലോട്ട് പറയുന്നത്.
രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലോട്ടും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറിയാല്‍ മുകുള്‍ വാസ്‌നിക്കിനെ പരിഗണിക്കാനാണ് എ.ഐ.സി.സി ആലോചിക്കുന്നത്. നെഹ്റു കുടുംബ പക്ഷത്തിന്റെ സ്ഥാനാര്‍ഥി വൈകുന്നത് ജി 23യിലും തീരുമാനം വൈകാനിടയാക്കുകയാണ്. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ജി 23ക്കായി മനീഷ് തിവാരി മത്സരിക്കണമെന്നും മറ്റൊരു സ്ഥാനാര്‍ഥിയാണെങ്കില്‍ ശശി തരൂര്‍ സ്ഥാനാര്‍ഥിയാകണമെന്നുമാണ് അവര്‍ക്കിടയിലെ ധാരണ.