കെ ചന്ദ്രശേഖർ റാവുവെന്ന വൻമരം വീണു: ബിആർഎസിൽ ഇനിയാര്?

കെസിആറിന് പകരംവക്കാവുന്ന നേതാക്കൾ പാർട്ടികൾക്കില്ലെന്ന ബിആർഎസിന്റെ അവകാശവാദമാണ് ഇത്തവണ കടപുഴകിയത്

Update: 2023-12-03 13:12 GMT
Editor : banuisahak | By : Web Desk
Advertising

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി സർക്കാർ പുറത്തേക്ക് പോകുമ്പോള്‍ അത് കെ ചന്ദ്രശേഖർ റാവുവെന്ന വന്‍മരത്തിന്റെ വീഴ്ച കൂടിയാണ്. കെസിആറിന് പകരംവക്കാവുന്ന നേതാക്കൾ പാർട്ടികൾക്കില്ലെന്ന ബിആർഎസിന്റെ അവകാശവാദമാണ് ഇത്തവണ കടപുഴകിയത്. ജനകീയനായ മുഖ്യമന്ത്രിയില്‍ നിന്ന് ജനങ്ങളില്‍ നിന്ന് അകന്ന നേതാവായി മാറിയതാണ് കെസിആറിന്റെ വീഴ്ചക്ക് ആക്കം കൂട്ടിയത്.

തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന്റെ മുന്‍ നിരക്കാരനെന്ന നിലയിലാണ് കെ ചന്ദ്രശേഖർ റാവു എന്ന കെസിആർ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്നുവന്നത്. കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച് തെരുവിലേക്കിറങ്ങിയ ചന്ദ്രശേഖർ റാവുവിന്റെ രാഷ്ട്രീയ ഗ്രാഫ് തെലങ്കാന രൂപീകരണത്തോടെ ഉയരത്തിലെത്തി. 2014ല്‍ 63 സീറ്റ്. 2108 ൽ 88 സീറ്റ്. ന്യൂനപക്ഷങ്ങളടക്കം എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ആർജിക്കാനായതോടെ കെ സി ആർ അനിഷേധ്യ നേതാവായി മാറി.

എന്നാല്‍, രണ്ടാം സർക്കാറിന്റെ കാലത്ത് കുടുംബാധിപത്യവും അഴിമതിയും അരങ്ങുതകർത്തു. കെസിആറും മകൻ കെടിആറും മകള്‍ കവിതയും ബന്ധു ഹരീഷ് റാവുവും ചേർന്നാണ് ഭരണവും പാർട്ടിയും നിയന്ത്രിക്കുന്നതെന്ന പ്രതീതി ജനങ്ങളില്‍ അതൃപ്തി പടർത്തി. മന്ത്രിമാർക്കുപോലും കാണാൻ കിട്ടാത്ത മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും അകന്നു. ഇതെല്ലാം കോൺഗ്രസ് പ്രചരണായുധമാക്കിയതോടെ ജനം കെസിആറിനെ കൈവിട്ടു.

കോൺഗ്രസിലൂടെ പൊതുരംഗത്തെത്തിയ കെസിആർ ടിഡിപി യിൽ ചേർന്ന ശേഷമാണ് എംഎൽഎ യും മന്ത്രിയും എംപിയും ആകുന്നത്. എന്നാല്‍, തെലങ്കാനക്കായുള്ള പോരാട്ടത്തിന് പ്രത്യേകം രാഷ്ട്രീയ പാർട്ടി വേണമെന്ന നിലപാടെടുത്ത് 2001ല്‍ ടിആർഎസ് രൂപീകരിച്ചു. ടിആർഎസ് എംപിയായി യുപിഎ സർക്കാരിൽ കേന്ദ്ര തൊഴിൽ മന്ത്രിയായി. തെലങ്കാന രൂപീകരണത്തില് കോൺഗ്രസ് പിന്നോട്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെ സി ആർ മന്ത്രിസ്ഥാനം രാജിവെച്ച് 2009ല്‍ നിരാഹാര സമരത്തിലേക്കിറങ്ങി.

തോറ്റെങ്കിലും 37 ശതമാനത്തിലധികം വോട്ടു നേടാനായത് ബിആർഎസിന്റെ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്. വീണ്ടുമൊരങ്കത്തിന് കെസിആറിന് സഹായിക്കുന്നതാകും ഈ ഘടകം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News