'എല്ലാ ഹിന്ദുക്കളും വീട്ടിലെ കത്തികൾ മൂർ‌ച്ച കൂട്ടി വയ്ക്കുക'; കലാപ ആഹ്വാനവുമായി പ്രഗ്യാസിങ്‌ താക്കൂർ

'അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും അവർ ലൗ ജിഹാദ് ചെയ്യുന്നു. നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു'.

Update: 2022-12-26 14:24 GMT
Advertising

ശിവമോ​ഗ: എല്ലാ ഹിന്ദുക്കളും വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി പ്ര​ഗ്യാസിങ് താക്കൂർ. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കാൻ പ്ര​ഗ്യ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു.

"തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും അവർ ലൗ ജിഹാദ് ചെയ്യുന്നു. നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു"- പ്ര​ഗ്യാസിങ് പറഞ്ഞു.

"ദൈവം സൃഷ്‌ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കണം. ഇല്ലെങ്കിൽ പ്രണയത്തിന്റെ യഥാർഥ നിർവചനം ഇവിടെ നിലനിൽക്കില്ല. അതിനാൽ ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകുക. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുക"- ഞായറാഴ്ച ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെ ബി.ജെ.പി എം.പി പറഞ്ഞു.

"നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂർച്ച കൂട്ടി സൂക്ഷിക്കണം. എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല. എല്ലാവർക്കും സ്വയം സംരക്ഷണത്തിനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിൽ നുഴഞ്ഞുകയറി ആക്രമിക്കുകയാണെങ്കിൽ, ഉചിതമായ മറുപടി നൽകുന്നത് നമ്മുടെ അവകാശമാണ്"- അവർ പറഞ്ഞു.

മിഷനറി സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ മാതാപിതാക്കളെ ഉപദേശിച്ചും താക്കൂർ രം​ഗത്തെത്തി. "അത് ചെയ്യുന്നതിലൂടെ വൃദ്ധസദനങ്ങളുടെ വാതിലുകൾ നിങ്ങൾ നിങ്ങൾക്കായി തുറക്കും. മിഷനറി സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നൽകുന്നതിലൂടെ കുട്ടികൾ നിങ്ങളുടേതല്ലാതായി മാറും. നിങ്ങളുടെ സംസ്കാരവും ആകില്ല. അവർ വൃദ്ധസദനങ്ങളുടെ സംസ്കാരത്തിൽ വളരുകയും സ്വാർഥരാകുകയും ചെയ്യും"- ഹിന്ദുത്വ നേതാവ് പറഞ്ഞു.

"നിങ്ങളുടെ വീട്ടിൽ പൂജകൾ ചെയ്യുക. ധർമത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും വായിക്കുക. നിങ്ങളുടെ കുട്ടികളെ അതിനെക്കുറിച്ച് പഠിപ്പിക്കുക. അതുവഴി കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് അറിയാനാവും"- പ്ര​ഗ്യാസിങ് കൂട്ടിച്ചേർത്തു.

മുമ്പും നിരവധി തവണ വിവാദ-വിദ്വേഷ-കലാപാഹ്വാന പ്രസ്താവനകൾ നടത്തി വിവാദത്തിലായിട്ടുള്ള നേതാവ് പ്ര​ഗ്യാസിങ് താക്കൂർ. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ തലവൻ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന വിവാദ പ്രസ്താവനയുമായി പ്ര​ഗ്യാസിങ് താക്കൂർ രം​ഗ​ത്തുവന്നിരുന്നു.

തന്നെ മലേഗാവ്​ സ്​ഫോടന കേസിൽപ്പെടുത്തിയതോടെ അയാളുടെ സാമ്രാജ്യം നശിക്കുമെന്ന്​ താൻ ശപിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു- അവർ പറഞ്ഞു. പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലേ​ഗാവ് സ്ഫോടനക്കേസിൽ ജാമ്യം നേടിയ പ്ര​ഗ്യാസിങ് താക്കൂർ കബഡി കളിച്ചും ഡാൻസ് കളിച്ചും രം​ഗത്തെത്തിയത് വിവാദമായിരുന്നു.

കഴിഞ്ഞവർഷം ഒക്ടോബറിൽ സ്വന്തം മണ്ഡലമായ ഭോപ്പാലില്‍ വനിതാ താരങ്ങള്‍ക്കൊപ്പമാണ് എം.പി കബഡി കളിച്ചത്. 2021 ജൂലൈയിൽ ഒരു വിവാഹ വീട്ടിലെ പരിപാടിക്കിടയില്‍ പാട്ടിനൊപ്പം പ്രഗ്യാസിങ് ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതു കൂടാതെ ബാസ്കറ്റ് ബോൾ കളിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാലാണ് ​തനിക്ക് കോവിഡ് വരാത്തതെന്നും പ്ര​ഗ്യാസിങ് പറഞ്ഞു. എന്നാൽ പിന്നീട് അവർക്ക് കോവിഡ് വരികയും ചെയ്തിരുന്നു. കോവിഡിനെതിരായ​ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News