'പത്ത് ലക്ഷത്തിന്റെ സ്യൂട്ട് ധരിക്കുന്നു, 8,400 കോടിയുടെ വിമാനത്തിൽ പറക്കുന്നു, മോദിക്കെന്ത് സാധാരണക്കാർ'; ആഞ്ഞടിച്ച് കെജ്‌രിവാൾ

പ്രധാനമന്ത്രി ആംആദ്മി പാർട്ടിയെ "ദുരന്തം" എന്ന് വിളിച്ച് കളിയാക്കിയതിനെതിരെ പ്രതികരിച്ചാണ് ഡൽഹി മുൻ മുഖ്യമന്ത്രി രംഗത്തുവന്നത്

Update: 2025-01-03 15:39 GMT
Editor : ശരത് പി | By : Web Desk
Advertising

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ അഴിമതി ആരോപിക്കുകയും പാർട്ടിയെ 'എഎപിദാ' (ദുരന്തം) എന്ന് മുദ്രകുത്തിയുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ.

'ദുരന്തം ഡൽഹിയിലല്ല ബിജെപിക്കുള്ളിലാണ്' എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. 'ബിജെപിക്ക് ഒരു മുഖ്യമന്ത്രി മുഖമില്ല, ആഖ്യാനമില്ല, ഡൽഹി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരജൻഡയുമില്ല' എന്നും മുൻ ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡൽഹി തെരുവുകളിലുള്ളവർക്ക് വീടൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എഎപിക്കെതിരെ രൂക്ഷമായ അഴിമതി, തട്ടിപ്പ് ആരോപണങ്ങളുമായി രംഗത്തുവന്നത്.

'എഎപി മദ്യനയ അഴിമതി നടത്തിയിട്ടുണ്ട്, സ്‌കൂൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്, മാലിന്യ അഴിമതി നടത്തിയിട്ടുണ്ട്, അവർ പരസ്യമായി അഴിമതി നടത്തുകയാണ്, ഇത് ഒരു ദുരന്തമാണ് ഡൽഹിക്ക്, ഡൽഹി ജനത ഈ ദുരന്തത്തിനെതിരെ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു'- എന്നാണ് മോദി പറഞ്ഞത്.

വേണമെങ്കിൽ തനിക്ക് ഡൽഹിയിൽ ഒരു ഷീഷ്മഹൽ (ഗ്ലാസ് കൊട്ടാരം) നിർമിക്കാമായിരുന്നെന്നും എന്നാൽ അതല്ല രാജ്യത്തെ സാധാരണക്കാർക്ക് കൂരയൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.

എന്നാൽ ഇതിനെതിരെയും കെജ്‌രിവാൾ രംഗത്തുവന്നു. "ഗ്ലാസ് കൊട്ടാരം" എന്ന പദപ്രയോഗം സ്വന്തമായി 2,700 കോടിക്ക് വീട് നിർമിക്കുകയും 8,400 കോടിയുടെ വിമാനത്തിൽ പറക്കുകയും പത്ത് ലക്ഷം വിലമതിക്കുന്ന സ്വൂട്ടുകൾ ധരിക്കുകയും ചെയ്യുന്ന ഒരാളിൽ നിന്ന് വരുന്നത് ചേരുന്നില്ല എന്ന് കെജ്‌രിവാൾ പറഞ്ഞു.

2022 ഓടുകൂടി ഡൽഹിയിലെ എല്ലാവർക്കും വീട് ഉറപ്പായും നൽകും എന്ന് 2020ൽ ബിജെപി പറഞ്ഞിരുന്നെന്നും, ഇതുവരെ 4,700 വീടുകൾ മാത്രമേ നൽകിയിട്ടുള്ളുവെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ നാല് ലക്ഷം തെരുവുകളുണ്ടെന്നും 15 ലക്ഷം ആളുകൾക്ക് വീടുകൾ വേണമെന്നും കെജ്‌രിവാൾ എടുത്തുപറഞ്ഞു. ബിജെപിയുടെ 2020ലെ വാഗ്ദാനം അഞ്ച് വർഷം  കൊണ്ടായിരിക്കില്ല 200 വർഷത്തിൽ നടത്തും, എന്നുള്ള രീതിയിലാണെന്നും അദേഹം പരിഹസിച്ചു.

തന്റെ 43 മിനിട്ടുള്ള പ്രസംഗത്തിലെ 39 മിനിറ്റും ഡൽഹി ഗവൺമെന്റിനെ അധിക്ഷേപിക്കാനാണ് ഉപയോഗിച്ചതെന്നും കെജ്‌രിവാൾ പറഞ്ഞു. തന്റെ പാർട്ടി ഡൽഹിയിൽ നടത്തിയ വികസനങ്ങളെക്കുറിച്ച് മൂന്ന് മണിക്കൂർ സംസാരിച്ചാലും തീരില്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News