കേന്ദ്രനിയമ മന്ത്രാലയത്തിലെ അഴിച്ചുപണി; ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതിന്‍റെ മുന്നൊരുക്കമെന്ന് സൂചന
കോഡ് കൊണ്ടുവരുന്നതിൽ കിരൺ റിജിജുവിനെക്കാൾ മികവ് അര്‍ജുന്‍ മേഘവാളിന് ആണെന്ന കണക്ക് കൂട്ടലിലാണ് മാറ്റം
ഡല്‍ഹി: കേന്ദ്രനിയമ മന്ത്രാലയത്തിലെ അഴിച്ചുപണി ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതിന്‍റെ മുന്നൊരുക്കമെന്ന് സൂചന.കോഡ് കൊണ്ടുവരുന്നതിൽ കിരൺ റിജിജുവിനെക്കാൾ മികവ് അര്‍ജുന്‍ മേഘവാളിന് ആണെന്ന കണക്ക് കൂട്ടലിലാണ് മാറ്റം. ജുഡീഷ്യറിയും സർക്കാരുമായി തുടരുന്ന ശീതയുദ്ധത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യം കൂടി കിരൺ റിജിജുവിന്‍റെ പുറത്താക്കലിനു പിന്നിലുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ അയോദ്ധ്യയിലെ രാമക്ഷേത്രവും ഏകീകൃത സിവിൽകോഡുമാണ് ബിജെപിയുടെ ആവനാഴിയിലെ പ്രധാന അസ്ത്രങ്ങൾ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രഅഭ്യന്തര മന്ത്രി അമിത്ഷാ ഒരു മാസം മുമ്പ് കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കിരൺ റിജിജുവിന് പുറമെ വിവിധ വകുപ്പ് സെക്രട്ടറിമാരും സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും ചർച്ചയിൽ പങ്കെടുത്തു. 2014ലും 2019ലും ബി.ജെ.പി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയമാണ് ഏകീകൃത സിവിൽ കോഡ്.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനിൽനിന്ന് ലഭിച്ച വിവരങ്ങൾ 22-ാം നിയമ കമ്മിഷൻ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അതിനാൽ അതിനാൽ സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്നതായിരുന്നു കിരൺ റിജിജുവിന്‍റെ നിലപാട്. ഇതോടെ യാണ് സഹമന്ത്രിയെ അടക്കം വകുപ്പിൽ നിന്നും ഒഴിവാക്കിയതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു. തന്മയത്വത്തോടെ കാര്യങ്ങൾ നടപ്പിലാക്കി എടുക്കാനുള്ള മികവും ആർ.എസ്.എസ് ദേശീയ നേതൃത്വവുമായുള്ള അടുപ്പവുമാണ് അര്‍ജുന്‍ മേഘവാളിലേക്ക് വകുപ്പ് എത്താൻ കാരണം.
ജഡ്ജിമാർ, സമൂഹത്തോട് ഉത്തരം പറയേണ്ടവരല്ലെന്ന കടുത്ത വിമർശനവും കൊളീജിയം സംവിധാനത്തെ പാടെ എതിർത്തതും ജുഡീഷ്യറിയുമായി കിരൺ റിജിജുവിന്‍റെ ബന്ധം വഷളായിരുന്നു. നീതിപീഠവുമായി കേന്ദ്രസർക്കാരിന് മികച്ച ബന്ധംകാത്ത് സൂക്ഷിക്കണമെന്നുണ്ട്. ഇതിന്‍റെ ഭാഗമായിട്ട് കൂടിയാണ് കിരൺ റിജിജുവിന്‍റെ പടിയിറക്കം.