കർഷകരെ ഭയപ്പെടുത്താൻ നോക്കണ്ട; വാജ്‌പേയിയുടെ വീഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി
കർഷകരെ ഭയപ്പെടുത്താൻ നോക്കുന്ന സർക്കാരിനെ ഞാൻ താക്കീത് ചെയ്യുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കണ്ട....കർഷകർ ഭയപ്പെടാൻ പോവുന്നില്ല. കർഷക പ്രക്ഷോഭത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല-വീഡിയോയിൽ വാജ്‌പേയ് പറയുന്നു.
കർഷക സമരത്തെ പിന്തുണക്കുന്ന തന്റെ നിലപാടിൽ പിന്നോട്ടിലെന്ന് വ്യക്തമാക്കി വീണ്ടും വരുൺ ഗാന്ധി. കർഷകരെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാരിനെ താക്കീത് ചെയ്യുന്ന മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ പഴയ പ്രസംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. 'വിശാലഹൃദയനായ നേതാവിന്റെ ബുദ്ധിയുള്ള വാക്കുകൾ' എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021
പ്രസംഗത്തിന്റെ സ്ഥലമോ തിയ്യതിയോ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടില്ല. 1980ൽ ഇന്ദിരാ ഗാന്ധി സർക്കാരിനെതിരെ കർഷകരെ പിന്തുണച്ചുകൊണ്ടുള്ള പ്രസംഗമാണിതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കർഷകരെ ഭയപ്പെടുത്താൻ നോക്കുന്ന സർക്കാരിനെ ഞാൻ താക്കീത് ചെയ്യുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കണ്ട....കർഷകർ ഭയപ്പെടാൻ പോവുന്നില്ല. കർഷക പ്രക്ഷോഭത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല-വീഡിയോയിൽ വാജ്‌പേയ് പറയുന്നു.
അവരുടെ ന്യായമായ ആവശ്യങ്ങളെയാണ് ഞങ്ങൾ പിന്തുണക്കുന്നത്. സർക്കാർ കർഷകരെ ഭയപ്പെടുത്താൻ ശ്രമിക്കുകയോ, നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയോ, കർഷകരുടെ സമാധാനപരമായ പ്രതിഷേധത്തെ അവഗണിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഞങ്ങളും ഈ സമരത്തിന്റെ ഭാഗമായി മാറും-വാജ്‌പേയ് കൂട്ടിച്ചേർത്തു.
കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് വരുൺ ഗാന്ധിയേയും മാതാവ് മനേകാ ഗാന്ധിയേയും ഈ മാസം ആദ്യമാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ കർഷകർക്കൊപ്പം തന്നെ നിൽക്കുമെന്ന് വ്യക്തമാക്കിയാണ് വരുൺ വാജ്‌പേയിയുടെ പ്രസംഗം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂർ കർഷക കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട ഓരോ കർഷകനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.
ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് കറുത്ത എസ്.യു.വി പാഞ്ഞുകയറുന്ന വീഡിയോ കഴിഞ്ഞ ആഴ്ച വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. 'കൊലപാതകം' എന്ന ടാഗ് ലൈനോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
The video is crystal clear. Protestors cannot be silenced through murder. There has to be accountability for the innocent blood of farmers that has been spilled and justice must be delivered before a message of arrogance and cruelty enters the minds of every farmer. 🙏🏻🙏🏻 pic.twitter.com/Z6NLCfuujK
— Varun Gandhi (@varungandhi80) October 7, 2021