ആര് പ്രധാനമന്ത്രിയാകും? ആരായാലും പെണ്ണുകെട്ടിയ ആളാകണമെന്ന് ലാലു
ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് ശരിയല്ല
പട്‌ന: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി വിഭാര്യനാകില്ലെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി മുഖം ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലാലു.
'ആര് പ്രധാനമന്ത്രിയായാലും അത് ഭാര്യയില്ലാത്ത ആളാകരുത്. ഒരു ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് ശരിയല്ല. അത് ഒഴിവാക്കപ്പെടണം.' - അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ വിശാലസഖ്യം മുന്നൂറ് സീറ്റു നേടുമെന്നും ലാലു പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തെ, പട്‌നയിൽ ലാലു മുൻകൈയെടുത്ത് വിളിച്ചു ചേർത്ത പ്രതിപക്ഷ യോഗത്തിൽ കോൺഗ്രസ് അടക്കം മിക്ക പ്രതിപക്ഷ കക്ഷികളും എത്തിച്ചേർന്നിരുന്നു. ബിജെപിക്കെതിരെ പൊതുമിനിമം പരിപാടി അടക്കമുള്ള കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. ബംഗളൂരുവിലാണ് വിശാലസഖ്യത്തിന്റെ രണ്ടാം യോഗം. ഡൽഹിയിൽ നടക്കുന്ന രക്തപരിശോധനയ്ക്ക് ശേഷം ബംഗളൂരുവിലേക്ക് പോകുമെന്നും ലാലു അറിയിച്ചു.
പട്‌നയിലെ യോഗത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ലാലു നടത്തിയ അഭ്യർത്ഥന വാർത്തയായിരുന്നു. 'നിങ്ങൾ വിവാഹം ചെയ്യാത്തത് അമ്മ സോണിയാ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്' - എന്നാണ് തമാശ രൂപേണ ലാലു പറഞ്ഞിരുന്നത്.