മൂന്നര വര്‍ഷത്തിനു ശേഷം ലാലു പാറ്റ്നയില്‍; അസ്വസ്ഥനായി തേജ് പ്രതാപ്
മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ഡല്‍ഹിയിലെ മകള്‍ മിസ ഭാര്‍തിയുടെ വീട്ടിലായിരുന്നു ലാലു
കാലിത്തീറ്റ കുംഭകോണ കേസിലെ ജയില്‍ ശിക്ഷയും ഡല്‍ഹി എയിംസിലെ ചികിത്സക്കും ശേഷം ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് സ്വന്തം തട്ടകമായ പാറ്റ്നയില്‍ തിരിച്ചെത്തി. മൂന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ലാലുവിന്‍റെ മടങ്ങിവരവ്.
മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ഡല്‍ഹിയിലെ മകള്‍ മിസ ഭാര്‍തിയുടെ വീട്ടിലായിരുന്നു ലാലു. ആർ.ജെ.ഡി തലവനെ കാണാൻ ഭാര്യ റാബ്‌റി ദേവിയുടെ വസതിക്ക് പുറത്ത് നിരവധി അനുയായികൾ തടിച്ചുകൂടിയിരുന്നു.
വിമാനത്താവളത്തിന് പുറത്ത് മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും മൂത്ത സഹോദരന്‍ തേജ് പ്രതാപും സ്വീകരിക്കാനെത്തിയിരുന്നു. പച്ച തൊപ്പിയും പച്ച ഷാള്‍ കഴുത്തില്‍ ചുറ്റിയുമാണ് ലാലു എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കാതെ ലാലു നേരെ ഭാര്യയുടെ വീട്ടിലേക്കാണ് പോയത്. ആദ്യം തന്‍റെ വീട് സന്ദർശിക്കാൻ പിതാവിനോട് അഭ്യർത്ഥിച്ചെങ്കിലും ആർ.ജെ,ഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗും എം.എൽ.സി സുനിൽ സിംഗും തടഞ്ഞതായി തേജ് പ്രതാപ് ആരോപിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ലാലു ഒക്ടോബർ 30ന് താരാപൂർ, കുശേശ്വര്‍ ആസ്ഥാന്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ഡിസംബർ മുതൽ ലാലു ജയിലിലായിരുന്നു. 2018 ആഗസ്തില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.