വഖഫ് സ്വത്തുക്കളിൽ പ്രയോജനം ഭൂമാഫിയക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കും'


ന്യൂ ഡൽഹി: വഖഫ് സ്വത്തുക്കളിൽ നിന്ന് പ്രയോജനം ഭൂമാഫിയക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആനുകൂല്യം ആവശ്യക്കാർക്ക് നൽകിയിരുന്നെങ്കിൽ അവർക്ക് ഗുണം ചെയ്യുമായിരുന്നുവെന്നും മോദി പറഞ്ഞു. ഭേദഗതിക്കെതിരെ മുർഷിദാബാദിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സാംസർഗഞ്ച്, ധൂലിയൻ പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്വന്തമാക്കാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി ഹരിയാനയിലെ ഹിസാറില്‍ പറഞ്ഞു.
വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചു. പട്ടിക വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതാണ് പുതിയ നിയമം. കോൺഗ്രസ് മതമൗലികവാദികളെ പ്രീണിപ്പിക്കുന്നു എന്നും മോദി ആരോപിച്ചു. ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘർഷം നടന്ന മുർഷിദാബാദിൽ
ഞായറാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു. കേന്ദ്രസേനയാണ് മുർഷിദാബാദിന്റെ നിലവിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 150-ലധികം പേര്‍ അറസ്റ്റിലായി. ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.