യോഗിയുടെ വിവാദ പരാമര്‍ശത്തില്‍ സഭ ബഹിഷ്കരിച്ച് ഇടത് എം.പിമാര്‍
പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ പിന്തുണച്ചെങ്കിലും സഭാധ്യക്ഷൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ സഭ ബഹിഷ്കരിച്ച് ഇടത് എം.പിമാർ. അടിയന്തര പ്രമേയത്തിന് അനുമതി തേടി ജോൺ ബ്രിട്ടാസ് എം.പിയാണ് സഭയിൽ നോട്ടീസ് നൽകിയത്. പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ പിന്തുണച്ചെങ്കിലും സഭാധ്യക്ഷൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെയാണ് സഭ ബഹിഷ്കരിച്ചത് എന്ന് ഇടത് എം.പിമാർ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്ന അത്യന്തം ഹീനമായ നടപടിയാണ് യോഗിയുടെ പ്രസ്താവനയെന്ന് ഇടത് എം.പിമാർ ആരോപിച്ചു. ഫെഡറലിസ്റ്റ് തത്വങ്ങൾക്ക് എതിരായ യോഗിയുടെ പ്രസ്താവന സഭ ചർച്ച ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. ഭയരഹിതമായി ജീവിക്കാൻ എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് ബി.ജെ.പിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങൾക്കു സംഭവിച്ചാൽ ഈ അഞ്ചു വർഷത്തെ പ്രയത്നവും വെറുതെയാകുമെന്നും യോഗി പറഞ്ഞിരുന്നു.
പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ട്വിറ്ററിലൂടെ യോഗിക്ക് മറുപടി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂരും യോഗിക്കെതിരെ രംഗത്തെത്തിയിരുന്നു.