ബിഹാറിൽ എൻ.ഡി.എയ്ക്ക് തിരിച്ചടി; ഏക മുസ്‌ലിം എം.പി മുന്നണി വിട്ട് ആർ.ജെ.ഡിയിൽ
ലോക്ജനശക്തി നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ മെഹബൂബ് അലി കൈസർ ആണ് പാർട്ടി വിട്ട് തേജസ്വി യാദവിനൊപ്പം ചേർന്നത്
പാട്‌ന: ബിഹാറിലെ എൻ.ഡി.എ മുന്നണിയിലെ ഏക മുസ്‌ലിം എം.പി ഇൻഡ്യ സഖ്യത്തോടൊപ്പം ചേർന്നു. ലോക്ജനശക്തി(എൽ.ജെ.പി) നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ ചൗധരി മെഹബൂബ് അലി കൈസർ ആണ് പാർട്ടി വിട്ട് ആർ.ജെ.ഡിയിൽ ചേർന്നത്. നിതീഷ് കുമാറിന്റെ കൂടുമാറ്റത്തിനുശേഷവും ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ബിഹാറിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇളക്കിമറിക്കുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് എൻ.ഡി.എ മുന്നണിക്കു തിരിച്ചടിയാകുന്ന പുതിയ വാർത്ത പുറത്തുവരുന്നത്.
എൽ.ജെ.പിയിലെ പിളർപ്പിൽ മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് പക്ഷത്തിനൊപ്പം നിലയുറപ്പിച്ച നേതാവാണ് കൈസർ. എന്നാൽ, ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മറുവിഭാഗം നേതാവ് ചിരാഗ് പാസ്വാനുമായി അനുനയശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതും കൂടുമാറ്റത്തിലേക്കു നയിച്ച പ്രധാന ഘടകമാണ്. പാട്‌നയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തേജസ്വി യാദവ് തന്നെയാണ് മെഹബൂബ് അലി കൈസറിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.
ആർ.ജെ.ഡി ആചാര്യൻ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കൈസർ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. കൈസറിന്റെ അനുഭവസമ്പത്ത് പാർട്ടിക്കു ഗുണമാകുമെന്ന് തേജസ്വി പറഞ്ഞു. ഭരണകക്ഷികളിൽനിന്നു ഭീഷണി നേരിടുന്ന ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടി നമ്മൾ നടത്തുന്ന പോരാട്ടത്തിന് അനുഗുണമായ വലിയൊരു സന്ദേശം കൂടിയാകും ഇതു നൽകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ ബിഹാർ മന്ത്രി അന്തരിച്ച ചൗധരി സലാഹുദ്ദീന്റെ മകനാണ് മെഹബൂബ് അലി കൈസർ. പഴയ രാജഭരണ പ്രദേശമായ സിമ്രി ബക്തിയാർപൂരിലെ മുൻ ഭരണാധികാരി നവാബ് നസീറുൽ ഹസന്റെ പേരമകൻ കൂടിയാണ്. കോൺഗ്രസിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം 2007 മുതൽ 2010 വരെ എ.ഐ.സി.സി സെക്രട്ടറി കൂടിയായിരുന്നു. 2010 മുതൽ 2013 വരെ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായി. സിമ്രി ബക്തിയാർപൂരിൽനിന്നു മൂന്നു തവണ എം.എൽ.എയായ അദ്ദേഹം ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായിട്ടുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് പാർട്ടിയുമായി പിണങ്ങുന്നത്. പിന്നാലെ ലോക്ജനശക്തിക്കൊപ്പം ചേർന്നു. എൽ.ജെ.പി ടിക്കറ്റിൽ 2014ലും 2019ലുമായി രണ്ടു തവണ ഖഗാരിയയിൽനിന്നു ലോക്‌സഭയിലുമെത്തി.
Summary: Mehboob Ali Kaiser, NDA’s lone Muslim MP in Bihar and LJP leader lefts the party and joins RJD