കേന്ദ്രം എൽപിജി വില 200 രൂപ കുറച്ചത് 'ഇൻഡ്യ' സഖ്യത്തിന്റെ സ്വാധീനം മൂലം; മമത ബാനർജി
ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യുടെ സ്വാധീനം മൂലമാണ് കേന്ദ്രം പാചകവാതക വില 200 രൂപ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി.
'ഇൻഡ്യ സഖ്യം കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് യോഗങ്ങൾ മാത്രമാണ് നടത്തിയത്. ഇന്ന്, എൽപിജി വില 200 രൂപ കുറഞ്ഞതായി കാണുന്നു. ഇതാണ് ഇൻഡ്യയുടെ ശക്തി!'- മമത തന്റെ എക്‌സ് (ട്വിറ്റർ) ഹാൻഡിലിൽ പോസ്റ്റ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഗിമ്മിക്കാണ് എൽപിജി വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്. ഒരു സിലിണ്ടറിന് 200 രൂപയാണ് കുറയുക. ഗ്യാസ് സിലിണ്ടറിന് വില കുറയുന്നത് പ്രധാനമന്ത്രിയുടെ ഓണം- രക്ഷാബന്ധൻ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അവകാശപ്പെട്ടു. തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം എൽപിജി ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. വില ഉയർത്തുന്നത് കമ്പനികൾ ആന്നെന്നും കേന്ദ്ര സർക്കാരിന് ഇടപെടാനാവില്ലെന്നുമുള്ള വാദം കൂടിയാണ് മന്ത്രിസഭാ തീരുമാനത്തോടെ പൊളിയുന്നത്.