സ്റ്റാലിന് യൂസുഫലിയുടെ ഉറപ്പ്: തമിഴ്‌നാട്ടിൽ ലുലു ഗ്രൂപ്പ് 3,500 കോടിയുടെ നിക്ഷേപം നടത്തും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നടന്ന നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ പ്രഖ്യാപനം
തമിഴ്‌നാട്ടിൽ വിവിധ മേഖലകളിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. സംസ്ഥാനത്ത് 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എ.ഇ സന്ദർശനത്തിനിടെയാണ് യൂസുഫലിയുടെ പ്രഖ്യാപനം.
യു.എ.ഇയിൽ ചതുർദിന സന്ദർശനത്തിനെത്തിയ സ്റ്റാലിൻ നിക്ഷേപക സംഗമം വിളിച്ചുചേർത്തിരുന്നു. ഇതിലാണ് എം.എ യൂസുഫലി കോടികളുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചത്. തമിഴ്‌നാട്ടിൽ രണ്ട് ഷോപ്പിങ് മാൾ, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് എന്നിവ നിർമിക്കാനാണ് ലുലു പദ്ധതിയിടുന്നത്.
രണ്ട് മാളുകളിലുമായി 5,000 പേർക്കാണ് തൊഴിലവസരം ലഭിക്കുകയെന്ന് യൂസുഫലി പറഞ്ഞു. മാളുകളുടെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഉടൻതന്നെ തമിഴ്‌നാട് സർക്കാരുമായി എം.ഒ.യുവിൽ ഒപ്പുവയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
തമിഴ്‌നാട്ടിൽ 20,000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന എട്ട് ബില്യൻ ഡോളറിന്റെ നിക്ഷേപങ്ങളാണ് വരുന്നതെന്നും ഇതിനായി 124 കമ്പനികളുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. 2030ഓടെ ലക്ഷം കോടയുടെ സമ്പദ്ഘടനയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
Summary: Lulu Group to invest Rs 3,500 crore in Tamil Nadu, MA Yusuf Ali assures CM MK Stalin