ആഡംബര കാറുകള്‍, 30 ലക്ഷത്തിന്‍റെ ടിവി; 30,000 മാസശമ്പളമുള്ള അസിസ്റ്റന്‍റ് എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെടുത്തത് കോടികളുടെ വസ്തുക്കള്‍
ഒരു ദശാബ്ദക്കാലത്തെ ജോലിക്കിടയില്‍ തന്‍റെയും കുടുംബത്തിന്‍റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് 36കാരിയായ ഹേമ സ്വന്തമാക്കിയത്
ഭോപ്പാല്‍: ആറിലധികം ആഡംബര കാറുള്‍പ്പെടെ 20 വാഹനങ്ങള്‍, 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൃഷിഭൂമി, വിലപിടിപ്പുള്ള ഗിർ ഇനത്തിൽപ്പെട്ട രണ്ട് ഡസൻ കന്നുകാലികൾ, 30 ലക്ഷം രൂപ വിലയുള്ള 98 ഇഞ്ചിന്‍റെ ടിവി ....മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടിലെ റെയ്ഡില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകായുക്ത സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്‍റ് ടീം. വെറും 30,000 രൂപ മാസശമ്പളമുള്ള മധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോർപ്പറേഷനിൽ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ഹേമ മീണയുടെ വീട്ടില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കണ്ടെടുത്തത്.
ഒരു ദശാബ്ദക്കാലത്തെ ജോലിക്കിടയില്‍ തന്‍റെയും കുടുംബത്തിന്‍റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് 36കാരിയായ ഹേമ സ്വന്തമാക്കിയത്. ആന്‍റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ 100 നായകൾ, സമ്പൂർണ വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, മൊബൈൽ ജാമറുകൾ എന്നിവയും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ലോകായുക്ത സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്‍റില്‍ (എസ്‌പിഇ) നിന്നുള്ള ഒരു സംഘം സോളാർ പാനലുകളുടെ അറ്റകുറ്റപ്പണി ചെയ്യാനെന്ന വ്യാജേനെയാണ് മീണയുടെ ബംഗ്ലാവില്‍ പ്രവേശിച്ചത്. ഒരു ദിവസം കൊണ്ട്, ഏകദേശം 7 കോടി രൂപയുടെ ആസ്തി സംഘം കണ്ടെത്തി. ഇത് മീണയുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളെക്കാൾ 232 ശതമാനം കൂടുതലാണ്.
പ്രാഥമിക അന്വേഷണത്തിൽ മീണ തന്‍റെ പിതാവിന്‍റെ പേരിൽ 20,000 ചതുരശ്ര അടി കൃഷിഭൂമി വാങ്ങിയെന്നും പിന്നീട് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വലിയ വീട് നിർമിച്ചുവെന്നും കണ്ടെത്തി.ആഡംബര വസതിക്ക് പുറമെ റെയ്‌സൻ, വിദിഷ ജില്ലകളിലും എൻജിനീയർക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.മധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോർപ്പറേഷന്‍റെ പ്രോജക്ടുകളിൽ ഉപയോഗിക്കാനുള്ള സാമഗ്രികൾ എഞ്ചിനീയർ തന്‍റെ വീട് പണിയാൻ ഉപയോഗിച്ചതായും കണ്ടെത്തി. കൊയ്ത്തു യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഭാരിച്ച കാർഷിക യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ബിൽഖിരിയയിലെ മീണയുടെ വസതി ഉൾപ്പെടെ മൂന്നിടങ്ങളിൽ തിരച്ചിൽ നടത്തിയതായി ഭോപ്പാലിലെ ലോകായുക്ത പൊലീസ് സൂപ്രണ്ട് മനു വ്യാസ് എൻഡിടിവിയോട് പറഞ്ഞു.മീണയുടെ ആസ്തി ഏകദേശം 5 മുതൽ 7 കോടി രൂപ വരെ വിലമതിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്, തിരച്ചിൽ തുടരുമ്പോൾ കൂടുതൽ കണ്ടെത്താനുള്ള സാധ്യതയുണ്ട്.“ഇതുവരെ പിടിച്ചെടുത്തവയുടെ യഥാർഥ മൂല്യം നിർണയിക്കാൻ മറ്റ് വകുപ്പുകളിൽ നിന്നും സഹായം തേടേണ്ടിവരും,” പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വ്യാസ് പറഞ്ഞു.