വിജയ്ക്ക് പിഴ ചുമത്തിയ ആദായനികുതി വകുപ്പ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

വിഷയത്തിൽ സെപ്തംബർ 16നകം മറുപടി അറിയിക്കാൻ ആദായനികുതി വകുപ്പിനോട് കോടതി നിർദേശിച്ചു.

Update: 2022-08-16 10:11 GMT
Advertising

നടൻ വിജയ്ക്ക് പിഴ ചുമത്തിയ ആദായ നികുതി വകുപ്പ് ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഉത്തരവിനെതിരെ നടൻ സമർപ്പിച്ച ​ഹരജി പരി​ഗണിച്ചാണ് കോടതി വിധി. വിഷയത്തിൽ സെപ്തംബർ 16നകം മറുപടി അറിയിക്കാൻ ആദായനികുതി വകുപ്പിനോട് കോടതി നിർദേശിച്ചു.

2015-16 സാമ്പത്തിക വർഷത്തിലെ വെളിപ്പെടുത്താത്ത 15 കോടി രൂപ വരുമാനവുമായി ബന്ധപ്പെട്ട് 1.5 കോടി‌ പിഴയടയ്ക്കണം എന്ന ഉത്തരവിനാണ് സ്റ്റേ. 2015ൽ നടന്റെ വസതിയിലുൾപ്പെടെ നടത്തിയ റെയ്ഡിനെ തുടർന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.

'പുലി' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അഞ്ച് കോടി രൂപ പണമായും 16 കോടി രൂപ ചെക്കായും കൈപ്പറ്റിയതായി വിജയ് സമ്മതിച്ചിരുന്നതായി ഐടി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഇതു കൂടാതെ അതേ സാമ്പത്തിക വർഷം 10 കോടി രൂപ കൂടി പണമായി സ്വീകരിച്ചതായി സമ്മതിച്ചെങ്കിലും ഇക്കാര്യം അദ്ദേഹം ഇൻകം ടാക്സ് റിട്ടേണിൽ വെളിപ്പെടുത്തിയിരുന്നില്ലെന്ന് വകുപ്പ് പറയുന്നു.

ഇതോടെ, വെളിപ്പെടുത്താത്ത വരുമാനമായ 15 കോടിയുടെ നികുതി അടയ്ക്കാമെന്ന് വിജയ് സമ്മതിച്ചതായി ആദായനികുതി വകുപ്പ് പറഞ്ഞു.

തുടർന്ന്, വെളിപ്പെടുത്താത്ത വരുമാനത്തിന് 10 ശതമാനം പിഴ ചുമത്തി ആദായനികുതി വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. എന്നാൽ നടൻ സ്വമേധയാ സമ്മതിച്ചതിലൂടെയല്ല, തങ്ങൾ നടത്തിയ റെയ്ഡിലാണ് കുറ്റകൃത്യം കണ്ടെത്തിയതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

പിന്നാലെ ഉത്തരവിനെതിരെ നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം നടപടികൾ ആരംഭിക്കാനുള്ള പരിമിതി കാലയളവ് അവസാനിച്ച ശേഷം പുറപ്പെടുവിച്ചതിനാൽ പിഴ ചുമത്തിയ ഉത്തരവ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ജസ്റ്റിസ് അനിത സുമാന്ത് ആണ് നടന്റെ ഹരജി സ്വീകരിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News