മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ വീഴും, ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കേന്ദ്രമന്ത്രി

സര്‍ക്കാരിനെ താഴെയിറക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് നാരായണ്‍ റാണെ

Update: 2021-11-26 14:16 GMT
Advertising

മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. അടുത്ത വര്‍ഷം മാര്‍ച്ചോടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് മന്ത്രി പറഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരിലാണ് മന്ത്രിയുടെ പ്രതികരണം.

"മഹാരാഷ്ട്രയില്‍ നിങ്ങള്‍ക്ക് ഉടന്‍ മാറ്റം കാണാനാകും. മാര്‍ച്ചോടെ മാറ്റമുണ്ടാകും. സര്‍ക്കാരിനെ താഴെയിറക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബിജെപിയുടെ തിരിച്ചുവരവുണ്ടാകും. സർക്കാർ വീഴുമോ അതോ ചില പാർട്ടികൾ സഖ്യത്തിൽ നിന്ന് പിരിയുമോ എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാവില്ല"- നാരായണ്‍ റാണെ പറഞ്ഞു.

ഉദ്ധവ് താക്കറെ അനാരോഗ്യം മൂലം ചികിത്സയിലാണ്. അതിനാല്‍ അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയരുതെന്ന് ഞങ്ങളുടെ പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മൂന്ന് കക്ഷികള്‍ ചേര്‍ന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികനാള്‍ അതിജീവിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഉദ്ധവ് താക്കറെ നട്ടെല്ലിന്‍റെ ശസ്ത്രക്രിയക്ക് വിധേയനായത്.

നേരത്തെ ശിവസേനയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച നേതാവാണ് നാരായണ്‍ റാണെ. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ശിവസേന മുന്നണി വിട്ടത്. പിന്നാലെ ശിവസേന, എന്‍സിപിയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റിലാണ് വിജയിച്ചത്. ശിവസേനയ്ക്ക് 56ഉം എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസിന് 44ഉം സീറ്റ് ലഭിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News