നാടൻ പശുക്കൾ ഇനി 'രാജ്യമാതാ- ​ഗോമാതാ'; പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം.

Update: 2024-09-30 11:31 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിൽ പശുക്കൾ ഇനി വെറും പശുക്കളല്ല. തദ്ദേശീയ പശുക്കൾക്ക് 'രാജ്യമാതാ- ​ഗോമാതാ' എന്ന പദവി നൽകി ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവായി. വേദകാലഘട്ടം മുതലുള്ള പ്രാധാന്യം കണക്കിലെടുത്താണ് മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം.

മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിൻ്റെ പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ഇന്ത്യൻ സമൂഹത്തിൽ പശുവിൻ്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതിയിൽ പശുക്കൾ വഹിക്കുന്ന അവിഭാജ്യ പങ്കാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും ഉ​ദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ നൽകുന്ന സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം.

നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പാക്കാൻ ഇന്ന് ചേർന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മഹാരാഷ്ട്ര ഗോസേവ കമ്മീഷനാണ് ഈ സംരംഭം നിയന്ത്രിക്കുന്നത്. 2019ലെ സെൻസസ് പ്രകാരം 20.69 ശതമാനമായി കുറഞ്ഞ നാടൻ പശുക്കളുടെ എണ്ണത്തിലെ പ്രതിസന്ധി പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി സർക്കാർ പറയുന്നു.

പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലും ജില്ലാ ഗോശാല വേരിഫിക്കേഷൻ കമ്മിറ്റി ഉണ്ടായിരിക്കുമെന്നും 2019 ലെ 20-ാമത് മൃഗ സെൻസസ് പ്രകാരം നാടൻ പശുക്കളുടെ എണ്ണം 46,13,632 ആയി കുറഞ്ഞതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു. 'നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്. അതിനാൽ, അവയ്ക്ക് 'രാജ്യ മാതാ' പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോശാലകളിലെ നാടൻ പശുക്കളെ വളർത്താൻ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്'- ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News