ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ല; ആവർത്തിച്ച് മമത ബാനർജി
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ മുർഷിദാബാദിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു


കൊൽക്കത്ത: വഖഫ് ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു. മുർഷിദാബാദ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം.
പലരും എതിർക്കുന്ന നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ല. കേന്ദ്ര സർക്കാരാണ് അതിനുത്തരവാദി. കലാപകാരികളുടെ പ്രേരണക്ക് വഴങ്ങരുത്. പശ്ചിമ ബംഗാളിൽ ഇത് നടപ്പാക്കില്ല എന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ മുർഷിദാബാദിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്നും, നിയമം നടപ്പാക്കില്ലെന്നും മമത നേരത്തെ പറഞ്ഞിരുന്നു. വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധങ്ങൾ കനക്കുന്നതിനിടെയായിരുന്നു പ്രസ്താവന. സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്‍റെ സർക്കാർ ഉറപ്പാക്കുമെന്ന് മമത പറഞ്ഞിരുന്നു.