ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ അസൂയ; ഭര്‍ത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി
പശ്ചിമബംഗാളിലെ കൊല്‍ക്കൊത്തയില്‍ തിങ്കളാഴ്ചയാണ് സംഭവം
പശ്ചിമബംഗാള്‍: ഭാര്യ സര്‍ക്കാര്‍ ജോലിക്ക് പോകുന്നത് തടയാന്‍ ഭര്‍ത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. പശ്ചിമബംഗാളിലെ കൊല്‍ക്കൊത്തയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഈസ്റ്റ് ബർദ്വാൻ ജില്ലയിലെ കേതുഗ്രാമിൽ താമസിക്കുന്ന ഷെർ മുഹമ്മദാണ് ഭാര്യ രേണു ഖാത്തൂണിന്‍റെ കൈപ്പത്തി അറുത്തുമാറ്റിയത്. രേണു സംസ്ഥാന സര്‍ക്കാറിനു കീഴില്‍ നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കുന്നത് തടയാനാണ് യുവാവ് ഈ കൃത്യം ചെയ്തെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ ക്രൂരമായി ആക്രമിച്ച ശേഷം ഷേര്‍ മുഹമ്മദ് രേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഒളിവില്‍ പോയി. കൈപ്പത്തി വീണ്ടും തുന്നിച്ചേര്‍ക്കാതിരിക്കാനായി വീട്ടില്‍ മറന്നുവച്ചുവെന്ന് ആശുപത്രി അധികൃതരോട് പറയുകയും ചെയ്തു. ഷേർ മുഹമ്മദ് തലയിണ ഉപയോഗിച്ച് ഭാര്യയുടെ കൈകൾ അമർത്തുകയും തുടർന്ന് കൈ വെട്ടിയെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.
വ്യവസായ ടൗൺഷിപ്പായ ദുർഗാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്നതിനിടെയാണ് രേണുവിന് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. എന്നാല്‍ തൊഴില്‍രഹിതനായ മുഹമ്മദിന് ഇത് ഇഷ്ടമായില്ല. ജോലിക്ക് പോകരുതെന്ന് ഷേർ മുഹമ്മദ് നിർബന്ധിച്ചതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു
സഹോദരിക്ക് നിയമന കത്ത് ലഭിച്ചപ്പോള്‍ മുതല്‍ ഓഫര്‍ നിരസിക്കാന്‍ ഷേര്‍ മുഹമ്മദ് നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ മൂത്ത സഹോദരന്‍ റിപ്പണ്‍ സേഖ് മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും ഇത്ര ക്രൂരത പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.