ആദ്യയാത്രയുടെ പരിഭ്രമം; സീറ്റിലിരിക്കാൻ കൂട്ടാക്കാതെ വിമാനത്തിൽ സംഘർഷമുണ്ടാക്കിയാൾ അറസ്റ്റിൽ
വിമാനം ഉയർന്നത് മുതൽ ലാന്റിങ് വരെ ബാഗുമെടുത്ത് പ്രവേശന കാവാടത്തിനടുത്ത് നിന്ന് മാറാതെ നിൽക്കുകയായിരുന്നു
ആദ്യമായി വിമാനത്തിൽ യാത്രചെയ്യുന്ന പരിഭ്രമത്തിൽ സീറ്റിലിരിക്കാതെ സംഘർഷമുണ്ടാക്കിയ 26 കാരനെ അറസ്റ്റു ചെയ്തു. ഗോവയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വിമാനത്തിലാണ് ഡൽഹി സ്വദേശിയായ സൽമാൻ ഖാനാണ് സംഘർഷമുണ്ടാക്കിയത്.ദബോലിം വിമാനത്താവളത്തിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം.പറന്നുയർന്ന വിമാനത്തിൽ സീറ്റിലിരിക്കാതെ ബാഗുമെടുത്ത് വിമാനത്തിന്റെ ഗല്ലിയിൽ നിന്ന് ബഹളമുണ്ടാക്കുകയും പൈലറ്റിനെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തു. ഗോവയിൽ നിന്ന് വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ബാഗുമായി സീറ്റിൽ നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ പ്രവേശകവാടത്തിനടുത്തെത്തി.
ഫ്‌ലൈറ്റ് അറ്റൻഡന്റ് ഇയാളോട് സീറ്റിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ കേട്ടില്ല. സീറ്റ് മാറ്റണമെന്നും തനിക്ക് ക്യാപ്റ്റനോട് സംസാരിക്കണമെന്നും അദ്ദേഹം വാശിപിടിച്ചു. പക്ഷേ വിമാനത്തിൽ നിറയെ യാത്രക്കാരുള്ളതിനാൽ സീറ്റ് മാറ്റാൻ കഴിയില്ലെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചു. ക്യാപ്റ്റനുമായി സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അദ്ദേഹം അത് കേൾക്കാൻ തയ്യാറാകാതെ ബഹളം വെക്കുകയായിരുന്നെന്ന് ജീവനക്കാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ലാൻഡിംഗ് സമയത്ത് പോലും അദ്ദേഹം സീറ്റിൽ കയറിയില്ല.
പൈലറ്റ് ലാൻഡിംഗിനായി വിമാനം ഇറക്കിയെങ്കിലും ഇയാൾ വാതിലിനടത്തു നിൽക്കുന്നതിനാൽ അതിനും സാധിക്കാതെ വന്നു. വീണ്ടും വിമാനം പറന്നുയരുകയായിരുന്നു. ഇതോടെ യാത്രക്കാർ ഇയാളെ ബലമായി സീറ്റിൽ ഇരുത്തുകയായിരുന്നു. വിമാനം ലാന്റ് ചെയ്യുന്നത് വരെ യാത്രക്കാർ ഇയാളെ സീറ്റിൽ പിടിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.
ഇയാൾ മദ്യപിച്ചിട്ടില്ലെന്നും ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ ഉത്കണ്ഠയും ഭയമാണ് പ്രശ്‌നമായത്. ഇയാളെ അന്നുതന്നെ ജാമ്യത്തിൽ വിട്ടതായും എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ഭഗവത് ഗാരണ്ടെ പറഞ്ഞു.ഐപിസി 336 (ജീവനെ അപകടപ്പെടുത്തൽ), മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 110 (പൊതുസ്ഥലത്ത് അസഭ്യമായ പെരുമാറ്റം), 22 (ജോലിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കൽ), 29 (വിമാനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്താൻ സാധ്യതയുള്ള പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഖാനെതിരെ കേസെടുത്തിരിക്കുന്നത്.