നാഗ്പൂരിൽ ഷോർട്ട്‌സ് ധരിച്ച് ബാങ്കിലെത്തിയയാൾക്ക് പ്രവേശനം നിഷേധിച്ച് സെക്യൂരിറ്റി ഗാർഡ്
തനിക്ക് ചൂടെടുക്കുന്നതിനാലാണ് ഷോർട്ട്‌സ് ധരിച്ചതെന്ന് യുവാവ്
നാഗ്പൂർ: ബാങ്കിലേക്ക് ഷോർട്ട്‌സ് ധരിച്ചെത്തിയ യുവാവിനെ തടഞ്ഞ് സെക്യൂരിറ്റി ഗാർഡ്. മഹാരാഷ്ട്ര നാഗ്പൂരിലെ ബാങ്ക് ഓഫ് ഇന്ത്യയിലാണ് സംഭവം. ഷോർട്ട്‌സ് ഇട്ട് ബാങ്കിനകത്ത് കയറാൻ പാടില്ലെന്ന് പറഞ്ഞ് സെക്യുരിറ്റി യുവാവിനെ തടയുന്ന വീഡിയൊ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു.
വീഡിയോയിൽ യുവാവ് ഷോർട്ട്‌സ് ധരിച്ച് ബാങ്കിൽ കയറുന്നതിനെതിരെ എന്തെങ്കിലും നിയമമുണ്ടോ എന്ന ചോദ്യം പലവുരു സെക്യൂരിറ്റ് ഗാർഡിനോട് ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇയാൾ ഇതിന് മറുപടി പറയുന്നില്ല.
തനിക്ക് ചൂടെടുക്കുന്നതിനാലാണ് താൻ ഷോർട്ട്‌സ് ധരിച്ചതെന്നും നഗ്നനായിട്ടല്ല ബാങ്കിലേക്ക് കയറാൻ ശ്രമിക്കുന്നതെന്നും യുവാവ് പറയുന്നു.
ഫോണിൽ വീഡിയോ പകർത്തുന്നത് സെക്യൂരിറ്റി ഗാർഡ് പലതവണ തടയാൻ ശ്രമിക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ വ്യത്യസ്ത കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടു. പലരും വസ്ത്രസ്വാതന്ത്രത്തെ ചോദ്യം ചെയ്യാൻ എന്താണ് സെക്യൂരിറ്റ് ഗാർഡിന് അവകാശം എന്ന് ചോദിച്ചപ്പോൾ പലരും ബാങ്ക് ഉപഭോക്താക്കളുടെ ഡ്രസ് കോഡിന് ഷോർട്ട്‌സ് ചേരില്ലെന്നും വാദിച്ചു.
@gharkekalesh pic.twitter.com/Tzitxkh1RB
— Arhant Shelby (@Arhantt_pvt) April 11, 2024