ട്രെയിനിലെ ചാർജിങ് പോയിന്റിൽ കുത്തി കെറ്റിലിൽ വെള്ളം തിളപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീക്ക് മരുന്ന് കഴിക്കാൻ വേണ്ടിയാണ് വെള്ളം ചൂടാക്കിക്കൊടുത്തതെന്നായിരുന്നു യുവാവിന്റെ വാദം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കനത്ത തണുപ്പിൽനിന്നു രക്ഷതേടി ട്രെയിനിൽ തീകാഞ്ഞ രണ്ടു യാത്രക്കാർ അലിഗഢിൽ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ അലിഗഢിൽനിന്നു തന്നെ മറ്റൊരു റെയിൽവേ കൗതുകവാർത്തയും വരുന്നു. ട്രെയിനിലെ ചാർജിങ് പോയിന്റിൽ കുത്തി ഇലക്ട്രിക് കെറ്റിലിൽ കുത്തി വെള്ളം തിളപ്പിച്ചതിന് യുവാവ് അറസ്റ്റിലായതാണു പുതിയ വാർത്ത.
ലെ സ്വദേശിയായ 36കാരനാണ് അലിഗഢിൽ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഗയയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള മഹാബോധി എക്‌സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം. എ.സി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവാവ് മൊബൈൽ ഫോൺ ചാർജിങ് പോയിന്റിൽ കുത്തി വെള്ളം തിളപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ റെയിൽവേ പൊലീസ് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
റെയിൽവേ നിയമത്തിലെ 147(1) വകുപ്പുപ്രകാരമാണ് യാത്രക്കാരനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് അലിഗഢ് കോടതിയിൽ ഹാജരാക്കി. പിന്നീട് 1,000 രൂപ പിഴ ഈടാക്കി ഇദ്ദേഹത്തെ വിട്ടയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഷോർട്ട് സർക്യൂട്ട് വഴി തീപ്പിടിത്തമുണ്ടായി വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പ്രവൃത്തിയാണു യുവാവ് ചെയ്തിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.
ഒപ്പം യാത്ര ചെയ്തിരുന്ന വയോധികയ്ക്കു മരുന്ന് കഴിക്കാൻ വേണ്ടിയാണ് വെള്ളം ചൂടാക്കിക്കൊടുത്തതെന്നായിരുന്നു യുവാവിന്റെ വാദം. പാൻട്രി ജീവനക്കാരോട് വെള്ളം ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. ഇതോടെയാണ് കൈയിലുള്ള കെറ്റിൽ ഉപയോഗിച്ച് വെള്ളം ചൂടാക്കിക്കൊടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Summary: Man plugs electric kettle into train's mobile charging point, held