ബിജെപി റോഡ്ഷോയ്ക്കിടെ കൈവീശി ജയ് ശ്രീറാം പറഞ്ഞതേ ഓർമയുള്ളൂ, നോക്കുമ്പോൾ കീശ കാലി; പോയത് 36,000 രൂപ!
മീററ്റ് ബിജെപി സ്ഥാനാർഥിയും രാമായണ സീരിയൽ നായകനുമായ അരുൺ ഗോവിലിന്റെ റോഡ് ഷോയ്ക്കിടെയാണ് വ്യാപാരിയടക്കം നിരവധി പേർക്ക് എട്ടിന്റെ പണി കിട്ടിയത്.
ലഖ്നൗ: ഉത്തർപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ബിജെപി റോഡ്ഷോയ്ക്കിടെ ഇരു കൈകളും വീശി ജയ് ശ്രീറാം പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും വ്യാപാരിയുടെ പോക്കറ്റ് കാലി. 36000 രൂപ കള്ളന്മാർ അടിച്ചുകൊണ്ടുപോയി. മീററ്റ് ബിജെപി സ്ഥാനാർഥിയും രാമായണ സീരിയൽ നായകനുമായ അരുൺ ഗോവിലിന്റെ റോഡ് ഷോയ്ക്കിടെയാണ് വ്യാപാരിയടക്കം നിരവധി പേർക്ക് എട്ടിന്റെ പണി കിട്ടിയത്.
തിങ്കളാഴ്ചയാണ് സീരിയലിലെ സീതയായി വേഷമിട്ട ദീപിക ഛിഖില, ലക്ഷ്മണ വേഷത്തിലെത്തിയ സുനിൽ ലാഹ്റി എന്നിവർക്കൊപ്പം അരുൺ ഗോവിൽ നഗരത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചരണ ഭാഗമായി റോഡ് ഷോ നടത്തിയത്. റോഡ് ഷോ തന്റെ കടയുടെ മുന്നിലൂടെ പോയപ്പോൾ കൈ വീശി ജയ് ശ്രീറാം പറഞ്ഞ കുഭുഷൻ എന്നയാൾക്കാണ് പണം നഷ്ടമായത്.
ഇയാൾക്കൊപ്പം മാധ്യമപ്രവർത്തകർ, ബിജെപി നേതാവ് എന്നിവർക്കും പണമടക്കം നഷ്ടമാവുകയും എല്ലാവരും പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.
'ഞാനെന്റെ കടയിൽ ഇരിക്കുകയായിരുന്നു. ഈ സമയം അരുൺ ഗോവിലിന്റെ വാഹന പര്യടനം വരുന്നത് കണ്ടു. ഞാൻ കൈകളുയർത്തി ജയ് ശ്രീറാം വിളിച്ചു. വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. അവർ പോയ ശേഷം ഞാനെന്റെ കീശ തപ്പി നോക്കി. അതിൽ പണമില്ല. 36000 രൂപയാണ് നഷ്ടമായത്'- കുഭുഷൻ പറഞ്ഞു.
ബിജെപി പടിഞ്ഞാറൻ മേഖലാ കോഡിനേറ്റർ അലോക് സിസോദിയയുടെ മൊബൈലാണ് ആരോ അടിച്ചുമാറ്റിയത്. ജനത്തിരക്ക് മുതലെടുത്ത് ചില അക്രമികൾ മോഷണം നടത്തിയതാണെന്നാണ് പരാതി.
അതേസമയം, മോഷണവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് മോഷ്ടിച്ച മൊബൈലുകളും ഡൽഹി നമ്പറിലുള്ള കാറും പിടിച്ചെടുത്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ് മണ്ഡലത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.