മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്നു ചേരും; ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച് കുകി എം.എൽ.എമാർ

സുരക്ഷിതകേന്ദ്രങ്ങള്‍ തേടിയുള്ള സർക്കാർ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം തുടരുകയാണ്

Update: 2023-08-29 01:15 GMT
Editor : Shaheer | By : Web Desk
Advertising

ഇംഫാല്‍: മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരാനിരിക്കെ സെഷൻ ബഹിഷ്കരിക്കുമെന്നു വ്യക്തമാക്കി കുകി എം.എൽ.എമാർ. നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സുരക്ഷിതകേന്ദ്രങ്ങള്‍ തേടിയുള്ള സർക്കാർ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം തുടരുകയാണ്.

ഇംഫാലിൽ നടക്കുന്ന നിയമസഭാ സമ്മേളനം തങ്ങൾക്ക് സുരക്ഷാപ്രശ്നമുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കുകി എം.എൽ.എമാര്‍ കത്തുനൽകിയത്. ഇംഫാലിൽ പ്രവേശിക്കാൻ കഴിയില്ലെന്നും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്നുമുള്ള 10 കുകി എം.എൽ.എമാരുടെ ആവശ്യത്തിന് അനുകൂലമായ പ്രതികരണം സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ല. ജനപ്രതിനിധികൾക്കു പുറമെ സർക്കാർ ജീവനക്കാരും സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നൂറിലേറെ സർക്കാർ ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രാൻസ്ഫറുകൾ വാങ്ങിയത്.

സുരക്ഷിതകേന്ദ്രങ്ങള്‍ തേടിയാണു കലാപം നടക്കുന്ന മണിപ്പൂരിൽ സർക്കാർ ജീവനക്കാർ സ്ഥലംമാറ്റം ആവശ്യപ്പെടുന്നത്. ഡി.ജി.പി പി. ഡൗoഗലിനുനേരെ ആക്രമണമുണ്ടായതിനു പിന്നാലെ ത്രിപുര കേഡർ ഐ.പി.എസ് ഓഫീസർ രാജീവ് സിങ്ങിനെ ഡി.ജി.പി ആയി മണിപ്പൂർ സർക്കാർ നിയമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സേനയിൽ ഉൾപ്പെടെ സ്ഥലംമാറ്റം വ്യാപകമായത്.

സുപ്രിംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2,262 സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായി മണിപ്പൂർ സർക്കാർ അറിയിച്ചു. അതിനിടെ ഇന്നലെ രാത്രി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് സൈന്യത്തിൻ്റെ ഇടപെടലുണ്ടായേക്കുമെന്ന സൂചനയാണു കൂടിക്കാഴ്ചയിൽനിന്നു ലഭിക്കുന്നത്.

Summary: Kuki MLAs have declared that they will boycott the session of the Manipur Legislative Assembly scheduled to meet from today. The MLAs demanded that the assembly session be adjourned, but no action was taken yet.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News