കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വച്ചതുമായ ആയുധങ്ങൾ തിരികെയെത്തിക്കണം; നിർദേശവുമായി മണിപ്പൂർ ഗവർണർ

സമയപരിധിക്ക് ശേഷവും ആയുധങ്ങൾ കൈവശം വയ്ക്കുന്നത് തുടരുന്നവർക്കെതിരെ കർശന നടപടി

Update: 2025-02-21 06:35 GMT
Editor : സനു ഹദീബ | By : Web Desk
കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വച്ചതുമായ ആയുധങ്ങൾ തിരികെയെത്തിക്കണം; നിർദേശവുമായി മണിപ്പൂർ ഗവർണർ
AddThis Website Tools
Advertising

ഇംഫാൽ: കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വച്ചതുമായ ആയുധങ്ങൾ തിരിച്ചെത്തിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി മണിപ്പൂർ ഗവർണർ അജയ് ഭല്ല. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഏഴ് ദിവസത്തിന് ശേഷമാണ് നിർദേശം പുറപ്പെടുവിച്ചത്. ആയുധങ്ങൾ തിരിച്ചെത്തിക്കുന്നത് സമാധാനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

21 മാസത്തിലേറെയായി നീണ്ടു നിൽക്കുന്ന മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ പ്രസ്താവന പുറത്തിറക്കിയത്. പ്രസ്താവനയിൽ, ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഭല്ല അംഗീകരിക്കുകയും ശത്രുത അവസാനിപ്പിക്കുന്നതിന് എല്ലാ സമൂഹങ്ങളും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

"സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും, ജനങ്ങൾക്ക് അവരുടെ സാധാരണ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നതിനും, പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും സമൂഹത്തിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനും സംസ്ഥാനത്തെ എല്ലാ സമൂഹങ്ങളും മുന്നോട്ട് വരണം," ഭല്ല പറഞ്ഞു. കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങളും വെടിക്കോപ്പുകളും പ്രഖ്യാപനം വന്ന തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഔട്ട്‌പോസ്റ്റിലോ സുരക്ഷാ ക്യാമ്പിലോ സ്വമേധയാ സമർപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ ആയുധങ്ങൾ തിരികെ എത്തിക്കുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കില്ലെന്നും ഭല്ല ഉറപ്പുനൽകി. എന്നാൽ സമയപരിധിക്ക് ശേഷവും ആയുധങ്ങൾ കൈവശം വയ്ക്കുന്നത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

മണിപ്പൂരിലെ വംശീയ കലാപം കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്ന വിമർശനങ്ങൾക്കിടെ ഈ മാസം 9 ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് സ്ഥാനം രാജി വെച്ചിരുന്നു. ഫെബ്രുവരി 13 നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News