ശ്രീനഗറിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് നില കെട്ടിടം പൂർണമായും കത്തിനശിച്ചു
തീപിടിക്കുമ്പോൾ എല്ലാ വാർഡുകളിലും രോഗികളും കൂട്ടിരിപ്പുകാരുമുണ്ടായിരുന്നു
ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തിൽ വ്യാപക നഷ്ടം. ആശുപത്രി കെട്ടിടം പൂർണമായും കത്തിനശിച്ചു. ശ്രീനഗറിലെ ബർസുള്ളയിലെ ഗവ. ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് മുമ്പ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നൂറുകണക്കിന് രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.കോടികണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.
ആശുപത്രിയിലെ ഗ്യാസ് സിലിണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളും പൊട്ടിത്തെറിച്ചതിനെ തുടർന്ന് കനത്ത സ്‌ഫോടന ശബ്ദമുണ്ടായതായി ദൃസാക്ഷികൾ പറഞ്ഞു.ആശുപത്രിയിലെ അടിയന്തര ചികിത്സ വിഭാഗത്തിന് സമീപത്തായിരുന്നു ആദ്യം തീകണ്ടത്. പിന്നീട് ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള ഭാഗങ്ങിലേക്ക്
തീപടർന്നു.ആശുപത്രിയുടെ മൂന്ന് നില കെട്ടിടത്തിൽ 250 കിടക്കകളാണുള്ളത്. തീപിടിച്ചപ്പോൾ എല്ലാ വാർഡുകളിലും രോഗികളും കൂട്ടിരിപ്പുകാരുമുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ടപ്പോള്‍ രോഗികള്‍ക്കൊപ്പം ബന്ധുക്കളും പുറത്തേക്ക് ഓടി.ആശുപത്രി ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.എല്ലാ രോഗികളേയും സുരക്ഷിതമായി പുറത്തെത്തിച്ചതായി ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഐജാസ് അസദ് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. അഗ്‌നിശമനസേനയെത്തി തീ അണയ്ക്കുന്ന ശ്രമം രാത്രി വൈകിയും തുടര്‍ന്നു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.