ട്രെയിനിലെ വെടിവയ്പ്പ്: ജയ്പൂരിൽ ആളിക്കത്തി പ്രതിഷേധം; പതിനായിരങ്ങള്‍ പങ്കെടുത്ത വമ്പന്‍ റാലി

യുനൈറ്റഡ് സംഘർഷ് മോർച്ച സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും പങ്കെടുത്തു

Update: 2023-08-06 14:31 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പൂർ: മുംബൈ-ജയ്പൂർ എക്‌സ്പ്രസിൽ മൂന്നു മുസ്‌ലിംകളെയും എ.എസ്.ഐയെയും റെയിൽവേ കോൺസ്റ്റബിൾ വെടിവച്ചു കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. ജയ്പൂർ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയാണു കഴിഞ്ഞ ദിവസം നടന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബവും റാലിയുടെ ഭാഗമായി.

യുനൈറ്റഡ് സംഘർഷ് മോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം, ഇറകളുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും വീടും സർക്കാർ ജോലിയും നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിൽ സമരക്കാർ ഉയർത്തിയത്. ഏഴു ദിവസത്തിനകം ആവശ്യങ്ങളിൽ നടപടിയുണ്ടാകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഭട്ട ബസ്തിയിൽനിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

കൊലയാളിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർ.പി.എഫ്) ജീവനക്കാരനുമായ ചേതൻ സിങ്ങിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് റാലിയിൽ സംസാരിച്ച കോൺഗ്രസ് എം.എൽ.എ റഫീഖ് ഖാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇരകളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള വിഷയം ചർച്ച ചെയ്യാൻ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും രാജസ്ഥാൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ കൂടിയായ റഫീഖ് അറിയിച്ചു.

ജൂലൈ 31നു പുലർച്ചെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണു രാജ്യത്തെ നടുക്കിയ ട്രെയിൻ വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ചോടെ വാപി റെയിൽവേ സ്റ്റേഷനിൽനിന്ന് വിട്ട സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ടിക്കാറാം മീണയെയാണ് ആദ്യം സർവീസ് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചത്. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നീ യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്തോളണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

Summary: Thousands of people take to Jaipur streets to protest deadly Jaipur-Mumbai train shooting

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News