ഡിസംബർ ആറിന് മഥുര ഷാഹി മസ്ജിദിൽ ഹനുമാൻ ചാലീസ ചൊല്ലാൻ നീക്കം; 16 പേർക്കെതിരെ അറസ്റ്റ് വാറന്റ്
അഖിൽ ഭാരതീയ ഹിന്ദു മഹാസഭാ നേതാക്കള്‍ക്കും പ്രവർത്തകര്‍ക്കുമെതിരെയാണ് മഥുര സിറ്റി മജിസ്‌ട്രേറ്റിന്റെ നടപടി
ലഖ്‌നൗ: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹനുമാൻ ചാലീസ ചൊല്ലാനുള്ള ആഹ്വാനത്തിനു പിന്നാലെ 16 പേർക്കെതിരെ അറസ്റ്റ് വാറന്റ്. അഖിൽ ഭാരതീയ ഹിന്ദു മഹാസഭാ(എ.ബി.എച്ച്.എം) നേതാക്കളും പ്രവർത്തകരും അടങ്ങുന്ന സംഘത്തിനെതിരെയാണ് മഥുര സിറ്റി മജിസ്‌ട്രേറ്റിന്റെ നടപടി.
ഡിസംബർ ആറിന് ബാബരി മസ്ജിദ് ആക്രമണ വാർഷികത്തിൽ ഷാഹി മസ്ജിദിനകത്ത് ഹനുമാൻ ചാലീസ ചൊല്ലാനായിരുന്നു എ.ബി.എച്ച്.എം പ്രവർത്തകർക്ക് ആഹ്വാനം നൽകിയത്. ഇവിടെ പരിപാടി നടത്താൻ ഒരു സംഘടനയും അനുമതി തേടിയിട്ടില്ലെന്ന് മഥുര സീനിയർ പൊലീസ് സുപ്രണ്ട് മാർത്താണ്ഡ പ്രകാശ് സിങ് പറഞ്ഞു. പ്രവർത്തകരെ സംഘടിപ്പിക്കാനുള്ള നീക്കത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷവും എ.ബി.എച്ച്.എം ഷാഹി പള്ളിയിൽ ഹനുമാൻ ചാലീസ നടത്താൻ ആഹ്വാനം ചെയ്തിരുന്നു. അന്ന് മഥുര പൊലീസ് നീക്കം തടയുകയായിരുന്നു. ''കഴിഞ്ഞ വർഷം ആദ്യത്തെ അനുഭവമായതിനാൽ വേണ്ടത്ര ഒരുങ്ങാനായിരുന്നില്ല. നമ്മുടെ പ്രവർത്തകരെ പൊലീസ് ശക്തമായി വേട്ടയാടി. തുടർന്ന് വേദി മാറ്റി ഡൽഹിയിലെ ജന്തർ മന്ദറിൽ ജലാഭിഷേകം നടത്തുകയായിരുന്നു.''എ.ബി.എച്ച്.എം ദേശീയ പ്രസിഡന്റ് രാജ്യശ്രീ ബോസ് ചൗധരി പറഞ്ഞു.
ഇത്തവണ തയാറായിത്തന്നെയാണ് ഇറങ്ങുന്നതെന്നും രാജ്യശ്രീ അറിയിച്ചു. പ്രവർത്തകരോട് സ്വയം സുരക്ഷ ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ ആറിന് ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ശ്രീകൃഷ്ണ ജന്മഭൂമിയിൽ സമാധാനപരമായി ഹനുമാൻ ചാലീസ പാരായണം ചെയ്യുമെന്നും രാജ്യശ്രീ ബോസ് വ്യക്തമാക്കി.
Summary: The Mathura city magistrate has issued bailable warrants against 16 people linked the Akhil Bhartiya Hindu Mahasabha (ABHM) amid their call to recite the Hanuman Chalisa inside Shahi Eidgah mosque on December 6