മണിപ്പൂരിൽ ബി.ജെ.പിയോട് കൊമ്പുകോർത്ത് സഖ്യകക്ഷി; പ്രചാരണത്തിന് മേഘാലയ മുഖ്യമന്ത്രിയും

2017ൽ എൻ.പി.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി മണിപ്പൂരിൽ അധികാരം പിടിച്ചത്

Update: 2022-02-06 09:43 GMT
Editor : Shaheer | By : Web Desk
Advertising

മണിപ്പൂരിൽ ബി.ജെ.പിക്കെതിരെ പ്രചാരണത്തിനിറങ്ങി സഖ്യകക്ഷി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ. ബി.ജെ.പി സർക്കാരിൽ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി) നേതാവാണ് സാങ്മ. കഴിഞ്ഞ തവണ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായ എൻ.പി.പി ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

2017ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.പി.പി എട്ടിടത്ത് മാത്രമാണ് മത്സരിച്ചിരുന്നത്. ഇതിൽ നാല് സീറ്റിലും ജയിച്ച് കിങ്‌മേക്കറാകുകയും ചെയ്തു പാർട്ടി. എൻ.പി.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനായത്.

എന്നാൽ, ഇത്തവണ ആകെ 60 മണ്ഡലങ്ങളിൽ 42 ഇടത്തും എൻ.പി.പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളിൽ 19 പേരും ബി.ജെ.പിയിൽനിന്ന് കൂടുമാറിയവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. നിയമസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടവരാണ് ഇവരെല്ലാം.

ഇത്തവണ പാർട്ടിയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് സാങ്മയ്ക്ക് മുന്നിലുള്ളത്. ഇതോടൊപ്പം ദേശീയ പാർട്ടി പദവി സ്വന്തമാക്കുക എന്ന ഉന്നവും അദ്ദേഹത്തിനുണ്ട്. ഇതോടൊപ്പം മേഘാലയയിൽ കടുത്ത പ്രതിയോഗികളായി വളരുന്ന തൃണമൂൽ കോൺഗ്രസിനെതിരെ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന സ്വപ്‌നവും മുന്നിൽകാണുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പിന്തുണ അറിയിച്ച് കോൺഗ്രസ്; ഭീഷണിയല്ലെന്ന് ബി.ജെ.പി

എൻ.പി.പിക്ക് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. അവർ തത്വത്തിൽ തങ്ങൾക്കൊപ്പമാണെന്നാണ് മണിപ്പൂർ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹെമോചന്ദ്ര പറഞ്ഞത്. രാജ്യസഭാ തെരഞ്ഞെടുപ്പിലടക്കം തങ്ങൾ ഒന്നിച്ചാണ് നിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ, 16 എം.എൽ.എമാരെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി സ്വന്തം ക്യാംപിലെത്തിച്ചതോടെയാണ് മണിപ്പൂരിന്റെ രാഷ്ട്രീയചിത്രം മാറിയത്. തുടർന്ന് എൻ.പി.പിക്കൊപ്പം നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു.

എന്നാൽ, എൻ.പി.പി തങ്ങൾക്ക് ഭീഷണിയല്ലെന്നാണ് ബി.ജെ.പി വാദം. മണിപ്പൂരിൽ ബി.ജെ.പിക്ക് ബദലാകാമെന്നത് എൻ.പി.പിയുടെ പകൽക്കിനാവ് മാത്രമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എൻ.പി.പി ബാക്കിയുണ്ടാകില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം രംഗപ്രവേശനം നടത്തുന്നതല്ലാതെ അവർക്ക് സംസ്ഥാനത്ത് സംഘടനാ അടിത്തറയില്ലെന്നും ചിദാനന്ദ പറഞ്ഞു.

ബി.ജെ.പി എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. നേരത്തെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ 16 എം.എൽ.എമാരിൽ പത്തുപേർക്കും വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഈ മാസം 27നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.

Summary: The Meghalaya Chief Minister Conrad Sangma is in Manipur to campaign against the BJP-led alliance of which his party, National Peoples' Party (NPP), is a part of.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News