കോൺഗ്രസിനെ മാറ്റിനിർത്തി തൃണമൂലിന്‍റെ മിഷന്‍ 2024; ഭരണഘടന തിരുത്തുന്നു, ദേശീയരാഷ്ട്രീയത്തിൽ വേരുറപ്പിക്കും
മമത ബാനർജിയുടെ നേതൃത്വത്തില്‍ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ വിവിധ പാർട്ടികളിൽനിന്ന് തൃണമൂലിൽ ചേർന്ന യശ്വന്ത് സിൻഹ, അശോക് തൻവാർ, മുകുൾ സാങ്മ, പ്രവൺ കെ വർമ എന്നിവരും ടെന്നീസ് താരം ലിയാണ്ടർ പെയ്‌സും പങ്കെടുത്തിരുന്നു
കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ തൃണമൂൽ കോൺഗ്രസ്. രൂപീകരണത്തിനുശേഷം ഇതാദ്യമായി പാർട്ടി ഭരണഘടന തന്നെ തിരുത്താനുള്ള ഒരുക്കത്തിലാണ് തൃണമൂൽ. മേഘാലയ, ത്രിപുര, അരുണാചല്‍പ്രദേശ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഗോവയിലുമടക്കം സാന്നിധ്യമുറപ്പിക്കാനുള്ള നീക്കത്തിനു പിറകെയാണ് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നത്.
കാളിഘട്ടിലെ അപ്രതീക്ഷിത നീക്കം
തിങ്കളാഴ്ച കാളിഘട്ടിലെ വസതിയിൽ മമതയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തക സമിതി ചേർന്നിരുന്നു. ദേശീയതലത്തിലുള്ള 21 നേതാക്കൾക്കുപുറമെ അഞ്ച് പ്രമുഖരും യോഗത്തിൽ പങ്കെടുത്തിരുന്നു. വിവിധ പാർട്ടികളിൽനിന്ന് തൃണമൂലിൽ ചേർന്ന യശ്വന്ത് സിൻഹ(ബിജെപി), അശോക് തൻവാർ(കോൺഗ്രസ്, അപ്‌നാ ഭാരത് മോർച്ച), മുകുൾ സാങ്മ(കോൺഗ്രസ്), പ്രവൺ കെ വർമ(ജെഡിയു) എന്നിവരും ടെന്നീസ് താരം ലിയാണ്ടർ പെയ്‌സുമാണ് യോഗത്തിൽ പങ്കെടുത്ത ആ പ്രമുഖർ.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷനിര ശക്തിപ്പെടുത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ടെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് പാർലമെന്റിൽ വിളിച്ച പ്രതിപക്ഷ എംപിമാരുടെ യോഗത്തിൽ തൃണമൂൽ അംഗങ്ങൾ പങ്കെടുത്തിരുന്നില്ല. തൃണമൂൽ അംഗങ്ങൾ അടക്കമുള്ള പാർലമെന്റ് അംഗങ്ങൾക്ക് സഭയിൽനിന്ന് വിലക്കേർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച കത്തിലും തൃണമൂൽ എംപിമാർ ഒപ്പുവച്ചിട്ടില്ല.
പാർട്ടിയെ ദേശീയതലത്തിൽ ശാക്തീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഭരണഘടനയും ഭേദഗതി ചെയ്യുകയാണ്. മമത ബാനർജിക്ക് പുതിയ ഭേദഗതിയിൽ വീറ്റോ അധികാരം നൽകുന്നുണ്ട്. മറ്റു പാർട്ടികളിൽനിന്ന് എത്തിയവരെ പാർട്ടി പ്രവർത്തക സമിതിയിൽ ചേർക്കാനുണ്ടായിരുന്ന ഭരണഘടനാപരമായ തടസങ്ങളെല്ലാം നീക്കും.
2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രാജ്യത്തെ നയിക്കുക തൃണമൂലായിരിക്കുമെന്നാണ് തിങ്കളാഴ്ചത്തെ യോഗത്തിനുശേഷം തൃണമൂൽ രാജ്യസഭാ അംഗം ഡെറിക് ഒബ്രിയൻ പ്രതികരിച്ചത്. തൃണമൂൽ വളരുകയാണ്. തൃണമൂലിന്റെ ഡിഎൻഎ മാറ്റമില്ലാതെ തുടരുമ്പോഴും പാർട്ടി ഭരണഘടനയിൽ ചില മാറ്റങ്ങൾ വരുത്താൻ പോകുകയാണ്. ഇക്കാര്യത്തിൽ മമതയായിരിക്കും അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയെന്നും ഡെറിക് ഒബ്രിയൻ അറിയിച്ചു.
വടക്കുകിഴക്കൻ ഇന്ത്യയിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക്
കോൺഗ്രസ് വിട്ട ശേഷം 1998 ജനുവരി ഒന്നിനാണ് മമത തൃണമൂലിന് രൂപംനൽകുന്നത്. ഇതിനുശേഷം ഒരിക്കൽമാത്രമാണ് പാർട്ടി ഭരണഘടന തിരുത്തിയിട്ടുള്ളത്. ഇതേവർഷം ഓഗസ്റ്റ് ഒൻപതിനായിരുന്നു അത്. പിന്നീട് ബംഗാൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലം മമതയും തൃണമൂലും പ്രവർത്തിച്ചുവന്നിരുന്നത്.
എന്നാൽ, ഏതാനും മാസങ്ങൾക്കുമുൻപ് പാർട്ടി ദേശീയ നേതൃത്വത്തിൽ തന്നെ വലിയ മാറ്റങ്ങളുണ്ടായി. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പദ്ധതികളുമായായിരുന്നു ഈ സംഘടനാ പുനസ്സംഘടന. ബന്ധുവായ അഭിഷേക് ബാനർജിയെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചായിരുന്നു ഈ മാറ്റങ്ങൾക്ക് മമത തുടക്കമിട്ടത്. ബംഗാളിനുപുറത്തേക്ക് പാർട്ടി വേരുകൾ പടർത്തുകയാണ് തന്റെ ദൗത്യമെന്ന് അഭിഷേക് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തൃണമൂൽ നേതാക്കൾ പ്രഖ്യാപിച്ചത്. അടുത്ത ഘട്ടമായാണ് ത്രിപുരയിലും മേഘാലയിലും തൃണമൂൽ ദൗത്യസംഘങ്ങളെത്തുന്നത്. ഏറ്റവുമൊടുവില്‍ മേഘാലയയിൽ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്തും തൃണമൂൽ ഞെട്ടിച്ചു. ആകെ 18 കോൺഗ്രസ് എംഎൽഎമാരിൽ മുൻ മുഖ്യമന്ത്രി സാങ്മ അടക്കം 12 പേരാണ് തൃണമൂലിലേക്ക് കൂടുമാറിയത്.
ഹരിയാനയിലും സാന്നിധ്യമുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശാണ് തൃണമൂൽ വലിയ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു സംസ്ഥാനം. ഇവിടെ കഴിഞ്ഞ ആറു മാസത്തോളമായി കൊൽക്കത്ത കേന്ദ്രമായുള്ള ഒരു വ്യവസായിയുടെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങൾ നടക്കുന്നതെന്നാണ് വിവരം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ദേശീയരാഷ്ട്രീയത്തിലേക്ക് വേരുപടര്‍ത്താനാണ് മമതയുടെ പദ്ധതികളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.