സ്വയംഭരണാവകാശം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു; സുപ്രധാന നീക്കവുമായി തമിഴ്‌നാട്

എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് എം.കെ സ്റ്റാലിൻ

Update: 2025-04-15 08:52 GMT
Editor : Lissy P | By : Web Desk
സ്വയംഭരണാവകാശം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു; സുപ്രധാന നീക്കവുമായി തമിഴ്‌നാട്
AddThis Website Tools
Advertising

ചെന്നൈ: ഗവർണര്‍ ആര്‍.എന്‍ രവിയുമായുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ സുപ്രധാനനീക്കവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച് പഠിക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചു. ഇതുസംബന്ധിച്ച പ്രമേയം സ്റ്റാലിൻ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സ്വയംഭരണത്തിനുള്ള നടപടികൾ ശിപാർശ ചെയ്യുന്നതിനായി വിരമിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻ ഐഎഎസ് ഓഫീസർ അശോക് ഷെട്ടി,എം.നാഗനാഥൻ എന്നിവരും സമിതി അംഗങ്ങളാണ്.സമിതി രാജ്യത്തെ സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തിൽ നിയമങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.2026 ജനുവരിയിൽ ഇത് സംബന്ധിച്ച് ഇടക്കാല റിപ്പോർട്ടും 2028 ഓടെ അന്തിമ റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്യും.

കേന്ദ്ര സർക്കാരും തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയും തമ്മിൽ വിദ്യാഭ്യാസത്തെച്ചൊല്ലി കടുത്ത തർക്കം നിലനിൽക്കുന്നതിനിടക്കാണ് സ്റ്റാലിന്റെ സുപ്രധാന നീക്കം. ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്ക് കേന്ദ്രസർക്കാർ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നതും ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷാ നയത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ നിലപാടും പുതിയ നീക്കത്തിൽ നിർണായകമാകും. 1969ൽ കരുണാനിധി സർക്കാറും സ്വയംഭരണാവകാശം സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News