പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് ഹിന്ദുത്വസംഘം

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ 25-കാരനായ ഡോക്ടർ ഇസ്തിഖാറിനാണ് മർദനമേറ്റത്.

Update: 2024-07-04 09:43 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശിൽ മുസ്‌ലിം യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് ഹിന്ദുത്വസംഘം. മൊറാദാബാദ് ജില്ലയിൽ ജൂൺ 30-നാണ് 25-കാരനായ ഡോക്ടർ ഇസ്തിഖാറിന് മർദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിൽ ഇന്ധനം നിറക്കുന്നതിനായി പെട്രോൾ പമ്പിൽ നിർത്തിയതായിരുന്നു ഡോക്ടർ. അവിടേക്ക് വന്ന ഒരു സംഘം ആളുകൾ പേര് ചോദിച്ചു. മുസ്‌ലിമാണെന്ന് വ്യക്തമായതോടെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങുകയായിരുന്നു. പിന്നീട് കുറച്ചാളുകൾ കൂടി ഒരു ജീപ്പിൽ അവിടേക്ക് വന്ന് തന്നെ മർദിച്ചെന്നും ഇസ്തിഖാർ പറഞ്ഞു.

''ഞാൻ ക്ലിനിക്കിൽനിന്ന് മടങ്ങിവരികയായിരുന്നു, ബൈക്കിൽ ഇന്ധനം കുറവായതിനാൽ പെട്രോൾ പമ്പിലേക്ക് കയറ്റുകയായിരുന്നു. ഞാൻ റോഡ് ക്രോസ് ചെയ്യുമ്പോൾ രണ്ടുപേർ എന്നെ തടഞ്ഞു, എന്റെ പേര് ചോദിച്ചു, പിന്നാലെ എന്നെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. അവർ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി, ഏകദേശം 25-ഓളം ആളുകൾ എന്നെ വളഞ്ഞിട്ട് മർദിച്ചു. ഞാൻ ഒന്നും ചെയ്യാനാവാത്ത വിധത്തിൽ നിസ്സഹായനായിരുന്നു''-ഇസ്തിഖാറിനെ ഉദ്ധരിച്ച് 'ദി ഒബ്‌സർവർ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ ഡോക്ടറെ തിരിച്ചറിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയാൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. തന്നെ മർദിച്ച ആരെയും പരിചയമില്ലെന്നും അവർ തന്റെ പേര് ചോദിച്ചത് മർദിക്കുകയായിരുന്നുവെന്നും ഇസ്തിഖാർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ ബൈക്കിൽ 'ബി.ജെ.പി മെട്രോപൊളിറ്റൻ പ്രസിഡന്റ്' എന്ന സ്റ്റിക്കർ പതിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കലാപത്തിന് ശ്രമിക്കൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് സംഘർഷത്തിന് ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News