‘ആഗസ്റ്റിൽ മോദി സർക്കാർ വീഴും’: ലാലു പ്രസാദ് യാദവ്
'എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാം, എല്ലാ പാർട്ടി പ്രവർത്തകരും തയ്യാറായിരിക്കുക'
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് ആഗസ്റ്റിൽ ഭരണം നഷ്ടമാകുമെന്നും എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാമെന്നും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ വീഴുമെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ഇതിനോടകം അവകാശപ്പെട്ടിട്ടുണ്ട്. ലാലുവിൻ്റെ ഏറ്റവും പുതിയ പരാമർശം അത്തരം അവകാശവാദങ്ങൾക്ക് ഊന്നൽ നൽകുകയാണ്.
'എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാം, അതിനാൽ എല്ലാ പാർട്ടി പ്രവർത്തകരും തയ്യാറാകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഡൽഹിയിലെ മോദി സർക്കാർ വളരെ ദുർബലമാണ്, ആഗസ്റ്റിൽ അത് വീഴും.'- തൻ്റെ പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) 240 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നു. ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യു കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി സഖ്യത്തിലാണ്.
ആർ.ജെ.ഡി നേതാവും ലാലു പ്രസാദിന്റെ മകനുമായ തേജസ്വി യാദവ് ജെഡിയുവിനെതിരെ ആഞ്ഞടിച്ചു. അധികാരത്തിൽ തുടരാൻ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ജെ.ഡി.യു അതിൻ്റെ പ്രത്യയശാസ്ത്രവുമായി വിട്ടുവീഴ്ച ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ വോട്ട് വിഹിതം വർധിച്ചപ്പോൾ എൻ.ഡിഎയുടെ വോട്ട് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ നിരവധി പാലങ്ങൾ തകർന്നതിനെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ബിഹാറിലെ എൻഡിഎ സർക്കാരും കടുത്ത സമ്മർദത്തിലാണ്.