കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഡി.എം.കെ എം.പി എസ്. ജഗത്രക്ഷകന് 908 കോടി രൂപ പിഴ ചുമത്തി ഇഡി
89.19 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടു
ചെന്നൈ: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിൽ ഡിഎംകെ എംപി എസ്. ജഗത്രക്ഷകനും കുടുംബത്തിനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 908 കോടി രൂപ പിഴ ചുമത്തി. കൂടാതെ 89.19 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടു. 76 കാരനായ എസ് ജഗത്രക്ഷകൻ ഡിഎംകെ ടിക്കറ്റിൽ അരക്കോണം ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഹോസ്പിറ്റാലിറ്റി, ഫാർമസ്യൂട്ടിക്കൽസ്, മദ്യ നിർമ്മാണം തുടങ്ങിയ മേഖലകളിൽ വ്യവസായം നടത്തുന്ന ഇയാൾ ചെന്നൈ ആസ്ഥാനമായുള്ള അക്കോർഡ് ഗ്രൂപ്പിൻ്റെ സ്ഥാപകനുമാണ്. ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (BIHER) എന്ന സ്ഥാപനത്തിൻ്റെ ഉടമയുമാണ് ഇദ്ദേഹം.
2017ൽ സിംഗപ്പൂരിലെ ഷെൽ കമ്പനിയിൽ 42 കോടി രൂപയുടെ നിക്ഷേപം നടത്തിയത്, കുടുംബാംഗങ്ങൾക്കിടയിൽ സിംഗപ്പൂർ ഓഹരികൾ സമ്പാദിച്ചതും കൈമാറ്റം ചെയ്തത്, ശ്രീലങ്കൻ സ്ഥാപനത്തിൽ നടത്തിയ 9 കോടിയുടെ നിക്ഷേപം, തുടങ്ങിയ ഇടപാടുകളിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആരോപണങ്ങളുയർന്ന വിഷയത്തിന്മേൽ നടത്തിയ കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജഗത്രക്ഷകനും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് ഇഡി പ്രസ്താവനയിൽ വ്യക്തമാക്കി.
ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 40ലധികം കേന്ദ്രങ്ങളിലാണ് ഇൻകം ടാക്‌സ് പരിശോധന നടത്തിയത്. ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘം റെയ്ഡ് നടത്തിയിരുന്നു. നിലവിൽ പാർട്ടിയിലെ പ്രമുഖനായ നേതാവ് സെന്തിൽ ബാലാജി കോഴക്കേസിൽ ജയിലിലാണ്. അദ്ദേഹത്തിനു പിന്നാലെ ജഗത്‌രക്ഷകനെതിരെയുണ്ടായ ഇഡി നടപടി ഡിഎംകെയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.