മോദിയുടെ ഭരണത്തിൽ ജീവിത നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇന്ത്യാക്കാര്‍ക്ക് നഷ്ടപ്പെടുന്നുവെന്ന് സര്‍വെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 5269 മുതിര്‍ന്ന ആളുകൾക്കിടയിലാണ് സര്‍വെ നടത്തിയത്


ഡല്‍ഹി: കൃത്യമായ വേതനമില്ലാത്തതും ശമ്പള കുടിശ്ശികയും ഉയര്‍ന്ന ജീവിതച്ചെലവും മൂലം തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇന്ത്യാക്കാര്‍ക്ക് നഷ്ടപ്പെടുന്നുവെന്ന് സര്‍വെ.മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത്തെ ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ പോളിങ് ഏജൻസി നടത്തിയ സര്‍വെയിലാണ് കണ്ടെത്തൽ.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 5269 മുതിര്‍ന്ന ആളുകൾക്കിടയിലാണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 37 ശതമാനം പേരും അടുത്ത വര്‍ഷം സാധാരണക്കാരുടെ ജീവിതനിലവാരം കൂടുതല്‍ മോശമാകുമെന്നാണ് പ്രതികരിച്ചത്. തുടര്‍ച്ചയായ വിലക്കയറ്റം ഇന്ത്യന്‍ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ നാല് വർഷത്തിനുള്ളിൽ ഏറ്റവും മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തുമെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം അനിയന്ത്രിതമായി തുടരുകയാണെന്നും മോദി പ്രധാനമന്ത്രിയായതിന് ശേഷം വിലക്കയറ്റം രൂക്ഷമായെന്നും പണപ്പെരുപ്പ നിരക്ക് തങ്ങളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും പ്രതികരിച്ചു.
വരുമാനം കൂടിയില്ലെങ്കിലും ജീവിതച്ചെലവ് വര്‍ധിച്ചതായി പലരും അഭിപ്രായപ്പെട്ടു. വര്‍ധിച്ചുവരുന്ന വിലക്കയറ്റം താങ്ങാനാവുന്നില്ലെന്നാണ് ഭൂരിപക്ഷം പേരും പറഞ്ഞത്. ഇന്ത്യയുടെ തൊഴിൽ വിപണി യുവജനങ്ങൾക്ക് സ്ഥിരമായ വേതനം ലഭിക്കുന്നതിന് മതിയായ അവസരങ്ങൾ നൽകുന്നില്ല. കഴിഞ്ഞ ബജറ്റിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കായി 24 ബില്യൺ ഡോളർ ഇന്ത്യ അഞ്ച് വർഷത്തിനിടെ ചെലവഴിക്കാൻ നീക്കിവച്ചിരുന്നുവെങ്കിലും വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടുപോയതിനാൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.