ഹിജാബ് വിവാദം; സ്‌കൂൾ പൊളിക്കാൻ ബുൾഡോസർ ഇറക്കി ബിജെപി സർക്കാർ, തടഞ്ഞ് വിദ്യാർത്ഥികൾ
12-ാം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് സ്‌കൂളിൽ വിവാദം ഉടലെടുത്തത്
ഭോപ്പാൽ: ഹിജാബ് വിവാദത്തിന് പിന്നാലെ, ദമോഹിലെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കാനുള്ള നീക്കം തടഞ്ഞ് വിദ്യാർത്ഥികൾ. പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് മുനിസിപ്പൽ ഭരണകൂടം ഗംഗ യമുന എച്ച്എസ് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയത്. എന്നാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടിച്ച് ബുൾഡോസർ തടയുകയായിരുന്നു.
12-ാം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് സ്‌കൂളിൽ വിവാദം ഉടലെടുത്തത്. അമുസ്‌ലിം വിദ്യാർത്ഥികളെ മാനേജ്‌മെന്റ് ഹിജാബ് ധരിക്കാൻ നിർബന്ധിച്ചുവെന്നും മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നുമാണ് ആരോപണം. പ്രശ്‌നം രൂക്ഷമായതോടെ ദമോഹ് ജില്ലാ മജിസ്‌ട്രേറ്റ് മായങ്ക് അഗർവാൾ വിദ്യാഭ്യാസ ഓഫീസർ എസ്‌കെ മിശ്രയോടും പൊലീസിനോടും വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച മിശ്ര സ്‌കൂളിന് ക്ലീൻചിറ്റ് നൽകി.
എന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ ക്ലീൻചിറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിരാകരിക്കുകയും സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്തു. ഇതിനിടെയാണ് അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോപിച്ച് മുനിസിപ്പൽ അധികൃതർ ബുൾഡോസറുകളുമായി എത്തിയത്.
1200 ലധികം വിദ്യാർത്ഥികളാണ് 2010ൽ സ്ഥാപിച്ച സ്‌കൂളിൽ പഠിക്കുന്നത്. ദമോഹിലെ ഫുതേര വാർഡിലെ ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിത്.