ഹിന്ദു വിരുദ്ധയാക്കി ഓപ്ഇന്ത്യയില്‍ ലേഖനം; മുംബൈ സ്കൂള്‍ പ്രിന്‍സിപ്പാളിനോട് രാജി ആവശ്യപ്പെട്ട് മാനേജ്മെന്‍റ്
കഴിഞ്ഞ 12 വര്‍ഷമായി സോമയ്യ സ്കൂളില്‍ ജോലി ചെയ്യുകയാണ് പര്‍വീണ്‍
മുംബൈ: ഹിന്ദുത്വ വെബ്‌സൈറ്റായ ഓപ്ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയിലെ സോമയ്യ സ്‌കൂൾ പ്രിൻസിപ്പാളിനോട് മാനേജ്‌മെൻ്റ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പാളായ പര്‍വീണ്‍ ഷെയ്ഖിനോടാണ് രാജി ആവശ്യപ്പെട്ടത്. കഴിഞ്ഞ 12 വര്‍ഷമായി സോമയ്യ സ്കൂളില്‍ ജോലി ചെയ്യുകയാണ് പര്‍വീണ്‍. ഏഴ് വര്‍ഷമായി പ്രിന്‍സിപ്പാളിന്‍റെ ചുമതല വഹിക്കുന്നു.
പര്‍വീണ്‍ ഹമാസ് അനുകൂലിയാണെന്നും ഹിന്ദു വിരുദ്ധയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. എക്സ് അക്കൗണ്ടിലൂടെ പര്‍വീണ്‍ ലൈക്ക് ചെയ്ത പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പാളിനെതിരെയുള്ള ആരോപണങ്ങള്‍. ഇസ്‍ലാമിസ്റ്റായ ഉമര്‍ ഖാലിദിനെ പിന്തുണക്കുന്നയാളാണെന്നും ഏപ്രില്‍ 24ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു. ലേഖനം പ്രസിദ്ധീകരിച്ച് രണ്ടു ദിവസത്തിന് ശേഷം ഏപ്രില്‍ 26നാണ് മാനേജ്മെന്‍റ് പര്‍വീണിനോട് രാജി ആവശ്യപ്പെട്ടത്. വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ തങ്ങള്‍ നിരാശരാണെന്നും, രാജി ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും തുടര്‍ന്നുള്ള തന്‍റെ സേവനം അവര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മാനേജ്മെന്‍റ് തന്നോട് പറഞ്ഞതെന്ന് പര്‍വീണ്‍ സ്ക്രോളിനോട് വ്യക്തമാക്കി. ''സോമയ്യ സ്കൂളിന്‍റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള എന്‍റെ കഠിനാധ്വാനവും നിസ്വാര്‍ഥ സേവനവും അവര്‍ അംഗീകരിക്കുന്നു. എന്നാൽ, എനിക്കെതിരെ നടപടിയെടുക്കാൻ തങ്ങൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് അവർ പറഞ്ഞു. ഓപ്ഇന്ത്യ ലേഖനമല്ലാതെ മറ്റു കാരണങ്ങളൊന്നും അവര്‍ വിശദമാക്കിയിട്ടില്ല'' പര്‍വീണ്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്ഇന്ത്യയെക്കുറിച്ച് താന്‍ മുന്‍പ് കേട്ടിട്ടില്ലെന്നും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ താൻ ഞെട്ടിപ്പോയെന്നും ഷെയ്ഖ് പറഞ്ഞു.''ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഒരു സ്കൂള്‍ പ്രിന്‍സിപ്പാളിനോട് എന്താണ് ഇത്ര താല്‍പര്യം കാണിക്കുന്നതെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍'' പര്‍വീണ്‍ വിശദീകരിച്ചു. താൻ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ സ്ക്രോളിനോട് പറഞ്ഞു. ഓപ്ഇന്ത്യ വിഷയത്തില്‍ പര്‍വീണ്‍ ഷെയ്ഖിനോട് രാജി ആവശ്യപ്പെട്ടെന്നോ, ഇല്ലെന്നോ പറയാന്‍ സോമയ്യ സ്‌കൂള്‍ വക്താവ് തയ്യാറായില്ലെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പര്‍വീണിനെ സംബന്ധിച്ചിടത്തോളം വളരെ അപൂര്‍വമായി മാത്രമേ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവയ്ക്കാറുള്ളൂ. അതില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ സംബന്ധിയായ പോസ്റ്റുകളാണ്. ഒക്ടോബര്‍ മുതല്‍ ഗസ്സയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ ലൈക്ക് ചെയ്യാറുണ്ട്. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകളും ലൈക്ക് ചെയ്യാറുണ്ട്. ഓപ്ഇന്ത്യ ലേഖനം കണ്ട മാതാപിതാക്കള്‍ ചിലര്‍ പര്‍വീണിനെതിരെ രംഗത്തെത്തുകയും മറ്റു ചിലര്‍ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു. പര്‍വീണ്‍ പ്രിന്‍സിപ്പലായതിനു ശേഷം മുസ്‍ലിം സ്റ്റാഫുകളെ കൂടുതലായി നിയമിച്ചതായി ഒരു രക്ഷിതാവ് ആരോപിച്ചു. എന്നാല്‍ നിരവധി മാതാപിതാക്കള്‍ പര്‍വീണിനെ പിന്തുണച്ചു. പര്‍വീണിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 18 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച മാനേജ്മെന്‍റിനെ കണ്ടിരുന്നു.