'കൊലപാതകം ആസൂത്രണം ചെയ്തത് തിഹാർ ജയിലിൽ'; മൂസേവാലയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തി
ഡൽഹി: കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയുടെ സംസ്‌കാരം ഇന്ന്. സംസ്കാരത്തിനായി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തി. മൂസാവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത് തിഹാർ ജയിലിൽ വെച്ചായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ കനേഡിയൻ ബന്ധമുള്ളവരാണെന്ന് പൊലീസ് പറയുന്നു. പഞ്ചാബിലെ ഗുണ്ടാനേതാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ആസൂത്രണത്തോടുകൂടി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
424 പേരുടെ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല കൊല്ലപ്പെടുന്നത്. കൊലയാളിസംഘത്തിൽ എട്ട്-10 പേരുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. 30 തവണയാണ് ഇവർ സിദ്ദുവിന് നേരെ വെടിയുതിർത്തതെന്നാണ് കണ്ടെത്തൽ. വെടിവെപ്പിന് ശേഷം സിദ്ദു മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ മടങ്ങിയത്. സുരക്ഷ വീഴ്ചയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബിജെപിയും കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്.
പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസ് സമരത്തിലാണ്. സുരക്ഷ പിൻവലിച്ചില്ലായിരുന്നെങ്കിൽ മൂസവാല ജീവിച്ചിരിക്കുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിൻറെ സമരം. പഞ്ചാബിലെ ആം ആദ്മി ഓഫീസിന് മുന്നിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻറെ വസതിക്ക് മുന്നിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ജുഡീഷ്യൽ അന്വേഷണം എന്നതിൽ തൃപ്തിപ്പെടാൻ തയ്യാറല്ലെന്നാണ് കോൺഗ്രസ് നിലപാട്. സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ എൻ.ഐ.എ യോ സി.ബി.ഐയോ അന്വേഷിക്കണമെന്നാണ് കോൺഗ്രസിൻറെ ആവശ്യം.
പഞ്ചാബ് സർക്കാരിനെ പിരിച്ചു വിടണമെന്നാണ് അകാലിദളിന്റെ ആവശ്യം. ക്രമസമാധാനം പഞ്ചാബിൽ തകർന്നതായി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. മൂസവാലയുടെ മരണത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി ഭഗവന്ത് മാനെ അറസ്റ്റ് ചെയ്യണമെന്നും അകാലിദൾ ആവശ്യപ്പെട്ടു.
കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട് 10 പോയിന്റുകൾ
1. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎൻ 94 റഷ്യൻ റൈഫിളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ബുള്ളറ്റുകളും ഒരു പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.
2. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയാ തലവൻ ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ദിവസം വൈകീട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
3. മാൻസയിൽ വെടിയേറ്റു മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സിദ്ദു മൂസെവാലയുടെ എസ്യുവിക്ക് പിന്നിൽ രണ്ട് കാറുകൾ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
4. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
5. സിദ്ദുവിന്റെ കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയുടെ അടുത്തയാളാണ് ഗോൾഡി ബ്രാർ. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി നേതാവാണ് ലോറൻസ് ബിഷ്ണോയ്.
6. ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർ സിങ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോൺഗ്രസ് പ്രവർത്തകനായ ഗുർലാൽ സിങ് പെഹൽവാൻ കൊല്ലപ്പെട്ട കേസിൽ ഗോൾഡി ബ്രാറിനെതിരെ ഫരീദ്പൂരിലെ കോടതി ഈ മാസം ആദ്യം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
7. സിദ്ദു മൂസെവാല ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാൻസയിൽനിന്ന് മത്സരിച്ചിരുന്നെങ്കിലും എഎപി സ്ഥാനാർഥിയായ വിജയ് സിംഗ്ലയോട് പരാജയപ്പെടുകയായിരുന്നു. എഎപി മന്ത്രിസഭയിൽ അംഗമായിരുന്ന വിജയ് സിംഗ്ലയെ അഴിമതി ആരോപണത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഭഗവത് മാൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയായിരുന്നു.
8. ഞായറാഴ്ച വൈകീട്ട് 4.30ന് ബന്ധുവായ ഗുർപീത് സിങ്, അയൽവാസി ഗുർവിന്ദർ സിങ് എന്നിവർക്കൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് പോവുന്നതിനിടെയാണ് സിദ്ദു മൂസെവാല വെടിയേറ്റു മരിച്ചത്.
9. ഇവരുടെ വാഹനം ജവഹർകെ ഗ്രാമത്തിലെത്തിയപ്പോൾ മൂന്ന് കാറുകളിലായെത്തിയ അക്രമികൾ വളഞ്ഞിട്ട് വെടിവെക്കുകയായിരുന്നു. സിദ്ദു മൂസെവാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
10. അകാലിദൾ നേതാവായിരുന്ന വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായാണ് സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിദ്ദുവിന്റെ മാനേജറായ ഷഗൺപ്രീതിന് വിക്കിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.