മുസ്‌ലിം പേരുള്ള ഗ്രാമങ്ങളും വേണ്ട! യോഗിയുടെ മണ്ഡലത്തിൽ വാര്‍ഡ് പുനര്‍നിര്‍ണയം

പത്തിലേറെ ഗ്രാമങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്. ഇലാഹിബാഗ്, ജഫ്ര ബസാർ, ഇസ്മായിൽപൂർ എന്നീ ഗ്രാമങ്ങൾ ഇനിമുതൽ യഥാക്രമം ബന്ധു സിങ് നഗർ, ആത്മരാം നഗർ, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക

Update: 2022-09-04 11:00 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരക്പൂരിൽ മുസ്‌ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാർഡ് പുനർനിർണയം. ഗൊരക്പൂർ നഗരസഭയിൽ നടത്തിയ വാർഡ് പുനർനിർണയത്തിലാണ് പത്തിലേറെ ഗ്രാമങ്ങളുടെ പേരുമാറ്റിയിരിക്കുന്നത്. പുതിയ നീക്കത്തിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി, കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ഗൊരക്പൂർ നഗരസഭാ വാർഡുകളുടെ എണ്ണം 80 ആക്കി ഉയർത്തിക്കൊണ്ടാണ് പുതിയ പുനർനിർണയത്തിന്റെ കരടുരേഖ തയാറായിരിക്കുന്നത്. മിയാ ബസാർ, മുഫ്തിപൂർ, അലിനഗർ, തുർക്ക്മാൻപൂർ, ഇസ്മായിൽപൂർ, റസൂൽപൂർ, ഹൂമയൂൺപൂർ നോർത്ത്, ഗോസിപൂർവ, ദാവൂദ്പൂർ, ജഫ്ര ബസാർ, ഖാസിപൂർ, ചക്‌സ ഹുസൈൻ, ഇലാഹി ബാഗ് തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഇലാഹിബാഗ്, ജഫ്ര ബസാർ, ഇസ്മായിൽപൂർ എന്നീ ഗ്രാമങ്ങൾ ഇനിമുതൽ യഥാക്രമം ബന്ധു സിങ് നഗർ, ആത്മരാം നഗർ, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക.

കരടുരേഖ പുറത്തിറക്കിയ അധികൃതർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങൾ അറിയിക്കാനാണ് നിർദേശം. ഇതിനുശേഷം കരടുരേഖയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകാനാണ് നീക്കം നടക്കുന്നത്.

പേരുമാറ്റം സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എസ്.പി നേതാവും ഇസ്മായിൽപൂർ കൗൺസിലറുമായ ശഹാബ് അൻസാരി പ്രതികരിച്ചു. ഇക്കാര്യത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രത്യേക ദൗത്യസംഘം ജില്ലാ മജിസ്‌ട്രേറ്റിനെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. പണം ദൂർത്തടിക്കാനുള്ള അഭ്യാസമാണ് ഈ പേരുമാറ്റ നീക്കമെന്ന് കോൺഗ്രസ് നേതാവ് തലത് അസീസ് പ്രതികരിച്ചു. ഇത്തരം നടപടികളിലൂടെ സർക്കാരിന് എന്താണ് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary: 'Muslim-sounding' names of wards changed in draft delimitation order in Yogi Adityanath's Gorakhpur in UP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News