'ഗ്രാമത്തലവൻ സമ്മർദം ചെലുത്തുന്നു'; വിദ്യാർഥിയുടെ മുഖത്ത് തല്ലിച്ച കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് പിതാവ്
ഈ മാസം 24-നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപക മുസ്‌ലിം വിദ്യാർഥിയെ ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി മറ്റു വിദ്യാർഥികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ചത്.
മുസഫർനഗർ: സഹപാഠികളെക്കൊണ്ട് വിദ്യാർഥിയുടെ മുഖത്ത് തല്ലിച്ച കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് കുട്ടിയുടെ പിതാവ്. ഗ്രാമത്തലവനും കിസാൻ യൂണിയനും കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തുകയാണെന്നും പിതാവ് പറഞ്ഞു. തന്റെ ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവൻമാരും തന്റെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 24-നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപക മുസ്‌ലിം വിദ്യാർഥിയെ ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി മറ്റു വിദ്യാർഥികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. അധ്യാപികക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഹോം വർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപികയുടെ ന്യായീകരണം. ഭിന്നശേഷിക്കാരിയായ തനിക്ക് കസേരയിൽനിന്ന് എഴുന്നേൽക്കാനാവില്ല. അതുകൊണ്ടാണ് മറ്റു കുട്ടികളെക്കൊണ്ട് തല്ലിച്ചത്. മുസ് ലിം വിദ്വേഷമുണ്ടെന്ന രീതിയിൽ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നും തൃപ്ത ത്യാഗി പറഞ്ഞിരുന്നു.