എല്ലാത്തിനും ഒരു പരിധിയുണ്ട് , ഇത്ര തരംതാഴരുത്; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് നവീന്‍ പട്‍നായിക്
നിങ്ങള്‍ കാണുന്നതുപോലെ എനിക്ക് നല്ല ആരോഗ്യമുണ്ട്
ഭുവനേശ്വര്‍: ബി.ജെ.പി തൻ്റെ ആരോഗ്യനിലയെ കുറിച്ച് നുണകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്. പാര്‍ട്ടി ഇത്രയും തരംതാഴരുതെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
''ബി.ജെ.പിക്ക് പറയാന്‍ കഴിയുന്ന നുണകള്‍ക്ക് പരിധിയുണ്ട്. നിങ്ങള്‍ കാണുന്നതുപോലെ എനിക്ക് നല്ല ആരോഗ്യമുണ്ട്. ഒരു മാസത്തോളമായി ഞാൻ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്നു.'' നവീന്‍ വ്യക്തമാക്കി. ഒഡിഷയില്‍ ഇത്രയേറെ ജനപ്രീതിയുള്ള ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ തരംതാഴ്ത്തുന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് നവീൻ്റെ അടുത്ത സഹായിയും ബിജു ജനതാദളിൻ്റെ (ബിജെഡി) മുഖ്യ തന്ത്രജ്ഞനുമായ വി.കെ. പാണ്ഡ്യൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നവീനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടത്. “നവീൻ ബാബുവിന് വിശ്രമം നൽകാനും ഭരണത്തെ ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനും ആളുകൾ തീരുമാനിച്ചു.തങ്ങളെ സേവിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സംഭാവന നൽകുകയും ചെയ്യുന്ന ആരോഗ്യവാനും കാര്യശേഷിയുമുള്ള ചെറുപ്പക്കാരനുമായ ഒരു മുഖ്യമന്ത്രിയെ അവർ ആഗ്രഹിക്കുന്നു'' എന്നാണ് നദ്ദ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് നവീൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു.
നവീൻ്റെ ക്ഷേമം വിലയിരുത്താന്‍ ഉറപ്പാക്കാനും ചീഫ് ജസ്റ്റിസോ ഒഡിൽ ഹൈക്കോടതിയിലെ ജഡ്ജിയോ ഗവർണറോ സംസാരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടിരുന്നു. ''ഞാൻ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. എനിക്ക് എല്ലാവരെയും വ്യക്തിപരമായി കാണാൻ കഴിയും. ആളുകൾക്കും എന്നെയും കാണാൻ കഴിയും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാര്യത്തിലും ഇതുതന്നെ. എന്നാൽ, ഒഡിഷ മുഖ്യമന്ത്രിക്ക് ആരെയും നേരിട്ട് കാണാൻ കഴിയില്ല. പാണ്ഡ്യൻ എപ്പോഴും കൂടെയുള്ളതിനാൽ ആർക്കും അദ്ദേഹത്തെ ഒറ്റയ്ക്ക് കാണാൻ കഴിയില്ല'' എന്നാണ് ഹിമന്ത പറഞ്ഞത്.
സംസ്ഥാന ബി.ജെ.പി ഘടകവും നവീൻ്റെ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പാണ്ഡ്യനും ഒഡിയ ഇതര ഉദ്യോഗസ്ഥരും ചേർന്ന് കുറച്ച് ദിവസങ്ങളായി ബന്ദിയാക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് സമീർ മൊഹന്തി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.മുഖ്യമന്ത്രിയുടെ അവസ്ഥയെക്കുറിച്ച് അറിയാൻ ഒഡിഷയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മൊഹന്തി കൂട്ടിച്ചേര്‍ത്തു.