പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി; സര്‍ക്കാരിനെ വിമര്‍ശിച്ച സിദ്ദുവിന് കുടിശിക 8.67 ലക്ഷമെന്ന് രേഖകള്‍
പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് തുടരെത്തുടരെയുള്ള ട്വീറ്റുകളിലൂടെ അമരീന്ദര്‍ സിങ്ങിനെതിരെ സിദ്ദു ആഞ്ഞടിച്ചിരുന്നു.
പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധിയുടെയും ഉയര്‍ന്ന വൈദ്യുതിനിരക്കിന്റെയും പേരില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുറ്റപ്പെടുത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു എട്ട് ലക്ഷത്തിലധികം വൈദ്യുതി ബില്‍ കുടിശിക അടയ്ക്കാനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം 8,67,540 രൂപയാണ് കുടിശിക.
അമൃത്‌സറിലെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ ബില്ലാണ് സിദ്ദു അടയ്ക്കാനുള്ളത്. കഴിഞ്ഞവര്‍ഷം അവസാനം 17 ലക്ഷത്തിലധികം രൂപയായിരുന്നു കുടിശിക. ഇതില്‍ പത്ത് ലക്ഷം രൂപ ഈ മാര്‍ച്ചില്‍ അടച്ച വിവരവും വെബ്സൈറ്റിലുണ്ട്.
കഴിഞ്ഞ ദിവസം പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് തുടരെത്തുടരെയുള്ള ട്വീറ്റുകളിലൂടെ അമരീന്ദര്‍ സിങ്ങിനെതിരെ സിദ്ദു ആഞ്ഞടിച്ചിരുന്നു. ഭരണം ശരിയായ രീതിയിലാണെങ്കില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടതിന്‍റെയോ ഓഫീസുകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കേണ്ടതിന്‍റെയോ സാധാരണ ജനങ്ങളുടെ എസി ഉപയോഗം നിയന്ത്രിക്കേണ്ടതിന്‍റെയോ ആവശ്യകതയുണ്ടാകില്ലെന്ന് സിദ്ദു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി തന്നെ വന്‍തുക കുടിശിക വരുത്തിയ വിവരം പുറത്തു വന്നത്.
പഞ്ചാബില്‍ 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭരണവീഴ്ചയെ ചൊല്ലി സിദ്ദു ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സിന് തലവേദനയാവുകയാണ്. സിദ്ദുവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസം മാരത്തണ്‍ ചര്‍ച്ചനടത്തിയിരുന്നു. അതേസമയം, പി.സി.സി അധ്യക്ഷ സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ സിദ്ദുവിന് നല്‍കാനാവില്ലെന്ന കടംപിടിത്തത്തിലാണ് അമരീന്ദര്‍ സിംഗ്.