ആര്യൻഖാൻ കേസ് ; കൈക്കൂലി ആരോപണം നിഷേധിച്ച് എൻ.സി.ബി
ആര്യൻഖാൻ കേസ് ഒതുക്കിതീർക്കാൻ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. 18 കോടി രൂപ എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡെ വാങ്ങിയെന്നായിരുന്നു ആരോപണം. ആരോപണങ്ങൾ സമീർ വാംഖഡെയും നിഷേധിച്ചു
കേസിൽ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഉചിതമായ മറുപടി നൽകുമെന്നും സമീർ വാംഖഡെ പറഞ്ഞു. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എൻ.സി.ബി ആരോപിച്ചു.
കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് ആരോപണം.കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് പണം ഇടപാട് സംബന്ധിച്ച് വിവരങ്ങളുള്ളത്. എട്ട് കോടി എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ എന്നയാള്‍ ആരോപിച്ചു. കെ പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍.
തന്നെക്കൊണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഈ ആരോപണവും എന്‍സിബി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ കുറിച്ച് തങ്ങൾ കേട്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.