'സമാധാനമില്ലാത്തിടത്ത് താമസിച്ചിട്ട് കാര്യമില്ല': മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി എൻസിപി നേതാവ്, പാർട്ടി വിടുമോ?
മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം താൻ അജിത് പവാറുമായി സംസാരിച്ചിട്ടില്ലെന്നും ഛഗൻ ഭുജ്പൽ
മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് എൻസിപി(അജിത് പവാർ) വിഭാഗം മുതിർന്ന നേതാവ് ഛഗൻ ഭുജ്പൽ. പാർട്ടി തലവൻ അജിത് പവാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഛഗൻ ഭുജ്പൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് താത്പര്യമുണ്ടായിരുന്നിട്ടും തന്നെ ഉൾപ്പെടുത്തിയില്ലെന്നും വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ അദ്ദേഹം നാടായ, നാസിക്കിലേക്ക് തിരിക്കുകയും ചെയ്തു. ഇതിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഛഗൻ ഭുജ്പൽ തന്റെ അതൃപ്തി പ്രകടമാക്കിയത്. ഒബിസി വിഭാഗത്തിന് വേണ്ടി നിലകൊണ്ടതിനാലാണ് മന്ത്രി പദവി ലഭിക്കാതിരുന്നതെന്നും ഛഗൻ ഭുജ്പൽ പറഞ്ഞു. അതേസമയം എന്തായിരിക്കും ഭാവി പരിപാടി എന്ന ചോദ്യത്തിന് കിഷോർ കുമാറിന്റെ ഗാനമായിരുന്നു ഉത്തരമായി ലഭിച്ചത്. അതായത് 'സമാധാനമില്ലാത്തിടത്ത് താമസിച്ചിട്ട് കാര്യമില്ല' എന്നായിരുന്നു ആ വരികൾ.
ഇതോടെ ഭുജ്പൽ പാർട്ടി വിടുമോ എന്ന ചോദ്യവും ഉയർന്നു. ഇതിന് മുമ്പും മാധ്യമങ്ങളെ കണ്ട ഭുജ്പൽ, താൻ ആരുടെയും കയ്യിലെ കളിപ്പാവയല്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് എന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവസാന നിമിഷം എന്നെ ഒഴിവാക്കി. ഇനി ആരാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തണം- ഭുജ്പല്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ അജിത് പവാറാണ് ഈ പണി ചെയ്തതെന്ന് അദ്ദേഹം മറ്റൊരു രൂപത്തിൽ പറയുകയും ചെയ്തു.
' ഒരു കാര്യം ഉറപ്പാണ്, എല്ലാ പാർട്ടിയുടെയും തലവന്മാരാണ് ഇതുപോലൊത്തെ കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ബിജെപിയിൽ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനയിൽ ഏകനാഥ് ഷിൻഡെയുമാണ് തീരുമാനം എടുക്കുന്നത്. അതുപോലെ, അജിത് പവാറാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനമെടുക്കുക''- ഇങ്ങനെയായിരുന്നു ഭുജ്പലിന്റെ വാക്കുകൾ.
യോല സീറ്റിൽ നിന്നാണ് ഭുജ്പല്‍ വിജയിച്ചത്. സംസ്ഥാനത്തുടനീളമുള്ള തൻ്റെ അനുയായികൾ അടുത്ത ദിവസം തന്നെ നാസിക്കിൽ ഒത്തുകൂടുമെന്നും എല്ലാവരോടും കൂടിയാലോചിച്ച ശേഷം തന്റെ ഭാവി പരിപാടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം താൻ അജിത് പവാറുമായി സംസാരിച്ചിട്ടില്ലെന്നും ഛഗൻ ഭുജ്പൽ വ്യക്തമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. രാജ്യസഭാ ഓഫര്‍ സ്വീകരിച്ചാല്‍, തന്റെ നിയമസഭാ മണ്ഡലത്തോട് ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും അതുകൊണ്ടാണ് നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയിൽ നിന്ന് ഭംടാര- പവനി എംഎല്‍എ രാജിവെച്ചിരുന്നു. നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. അതേസമയം നിയമസഭാ അംഗത്വം അദ്ദേഹം രാജിവെച്ചിട്ടില്ല. ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോ-ഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ.
ഇതിന് പിന്നാലെയാണ് ഭരണപക്ഷമായ മഹായുതിയില്‍ തുടക്കത്തില്‍ തന്നെ മറ്റൊരു നേതാവ് കൂടി അതൃപ്തി പ്രകടിപ്പിക്കുന്നത്.