സർക്കാർ ബംഗ്ലാവിൽ വെച്ച് റീൽ ചിത്രീകരിച്ചു: അമൃത ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനം
സർക്കാർ ബംഗ്ലാവിൽ വെച്ച് റീൽ ഷൂട്ട് ചെയ്യാൻ അമൃതക്ക് ആരാണ് അനുവാദം നൽകിയതെന്ന് എൻസിപി
സർക്കാർ ബംഗ്ലാവിൽ വെച്ച് റീൽ ചിത്രീകരിച്ചതിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനം. സർക്കാരിന് കീഴിലുള്ള ബംഗ്ലാവിൽ വെച്ച് റീൽ എടുക്കാൻ അമൃതയ്ക്ക് ആരാണ് അനുവാദം നൽകിയതെന്നും ഇത് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും വിമർശിച്ച് എൻസിപി രംഗത്തെത്തി.
അടുത്തിടെ അമൃത വേഷമിട്ട പഞ്ചാബി ചിത്രത്തിലെ 'ഗാനം മൂഡ് ബനാ ലിയാ' ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാം താരം റിയാസ് അലിക്കൊപ്പം ഈ ഗാനത്തിനാണ് അമൃത റീലിൽ ചുവടു വയ്ക്കുന്നത്. റീൽ വൈറലായതോടെ വിമർശനവും അമൃതയെ തേടിയെത്തുകയായിരുന്നു. ബംഗ്ലാവിൽ വച്ച് റീൽ ഷൂട്ട് ചെയ്യാൻ അമൃത സർക്കാരിൽ നിന്ന് അനുവാദം നേടിയിട്ടുണ്ടോ എന്നായിരുന്നു എൻസിപി വക്താവ് ഹേമയുടെ ചോദ്യം.
ഭരണത്തിലിരിക്കുന്നവർക്ക് മാത്രം നൽകുന്ന y ലെവൽ സെക്യൂരിറ്റി ആണ് അമൃത ഫഡ്‌നാവിസിനുള്ളതെന്നും ഇതവർ ദുരുപയോഗം ചെയ്യാറുണ്ടെന്നും ഹേമ കുറ്റപ്പെടുത്തി.