എൻഡിഎ ന്യൂനപക്ഷ വിരുദ്ധ മുന്നണി: ഒമർ അബ്ദുള്ള

140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നെന്ന അവരുടെ വാദം അംഗീകരിക്കാനാവില്ലെന്നും ഒമർ

Update: 2024-06-07 08:01 GMT
Advertising

ശ്രീനഗർ: ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഇല്ലെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ജമ്മു കശമീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എൻഡിഎ മുസ്‌ലിം മുക്തമാണ്, ക്രിസ്ത്യൻ മുക്തമാണ്, ബുദ്ധ-സിഖ് മുക്തമാണ്. എന്നിട്ടും അവരുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിന്നുണ്ടെന്ന് അവകാശപ്പെടുന്നു.' ഒമർ എക്സിൽ കുറിച്ചു.

ബിജെപിയിൽ നിന്നും എൻഡിഎയിലെ മറ്റ് പാർട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിമാർ ഹിന്ദുക്കളാണെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ഒമർ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മലപ്പുറം മണ്ഡലത്തിൽ നിന്നാണ് ബിജെപി അവരുടെ ഏക മുസ്‌ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത്. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അബ്ദുൾ സലാം യൂണിയൻ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനോട് ദയനീയമായി പരാജയപ്പെട്ടു. 30,0,118 വോട്ടുകൾ നേടിയ ഇ.ടിയുടേത് ചരിത്രഭൂരിപക്ഷമായിരുന്നു.

ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിൽ എൻഡിഎയെ വിമർശിച്ച ഒമർ ഇൻഡ്യാ മുന്നണിയിൽ 7.9 ശതമാനം മുസ്‌ലിം എംപിമാരും, 3.5 ശതമാനം ക്രിസ്ത്യൻ എംപിമാരുമുണ്ടെന്നും അവകാശപ്പെട്ടു. ഇൻഡ്യാ 5 ശതമാനം സിഖ് എംപിമാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയപ്പോൾ എൻഡിഎക്ക് ഒരൊറ്റ സിഖ് എംപി പോലുമില്ലെന്നും കുറ്റപ്പെടുത്തി. ആകെ മൊത്തം 24 മുസ്‌ലിം എംപിമാരാണ് ഇത്തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

543ൽ 240 സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി തനിച്ച് ഭൂരിപക്ഷമുറപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ചെറിയ പാർട്ടികളുൾപ്പെടെയുളള കക്ഷികളുടെ പിന്തുണ അവർക്ക് അനിവാര്യമായി മാറിയത്. ടിഡിപി, ജെഡിയു, ശിവസേന തുടങ്ങിയ പാർട്ടികളാണ് എൻഡിഎയിലുള്ളത്. 



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News